രാഹുലിനെ മാറ്റി പാലക്കാട് മത്സരിച്ചേക്കുമെന്ന സൂചന; എ തങ്കപ്പനെതിരെ പോസ്റ്ററുകൾ
പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെതിരെ പോസ്റ്ററുകൾ. ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുതെന്നാണ് പോസ്റ്ററിലുള്ളത്. കഴിഞ്ഞ ദിവസം നടന്ന ജില്ലാ നേതൃയോഗത്തിൽ എ തങ്കപ്പനെ മത്സരിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു
രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി എ തങ്കപ്പനെ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയോടും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് തങ്കപ്പനെതിരെ പോസ്റ്ററുകൾ. ഡിസിസി പ്രസിഡന്റിനെ അധിക്ഷേപിക്കുന്ന വാക്കുകളാണ് പോസ്റ്ററുകളിലുള്ളത്
രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികളാണ് പോസ്റ്ററുകൾക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. പാലക്കാട് വീണ്ടും മത്സരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ കരുക്കൾ നീക്കുന്നതിനിടെയാണ് എ തങ്കപ്പൻ മത്സരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടത്.