മതചടങ്ങുകള്‍ ഇല്ല; സംസ്കാരം സലിംകുമാര്‍ ആഗ്രഹിച്ചതുപോലെ നടത്തും: പറവൂർ ടൗൺഹാളിൽ പൊതുദർശനം
കൊച്ചി: അകാലത്തിൽ വിടപറഞ്ഞ നടൻ സലിംകുമാറിൻ്റെ സംസ്കാരം വൈകീട്ട് മൂന്നിന് നടക്കും. വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. സലിം കുമാറിന്റെ ആഗ്രഹം പോലെ തന്നെ മതചടങ്ങുകൾ ഒന്നുമില്ലാതെയായിരിക്കും സംസ്കാരം നടക്കുക. എന്നാൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ തന്നെ മലയാളക്കര സലിം കുമാറിന് വിട നൽകും.
അതേസമയം പ്രിയതാരത്തിന്റെ ഭൗതികശരീരം രാവിലെ പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് എത്തിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് വിവരം.
കരൾ സംബന്ധമായ രോഗങ്ങളെ തുടർന്ന് ദീർഘകാലമായി ആരോഗ്യപരമായ വെല്ലുവിളികൾ അദ്ദേഹം നേരിട്ടിരുന്നു. ലിവർ സിറോസിസ് ബാധിച്ചിരുന്നു. ശനിയാഴ്ച രാവിലെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് 10.43ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. 56 വയസായിരുന്നു. ഹൃദയാഘത്തെ തുടർന്നായിരുന്നു അന്ത്യം.