{"vars":{"id": "89527:4990"}}

കേരള പൊലീസിൽ ഇനി രണ്ട് അസോസിയേഷനുകൾ മാത്രം; പുനഃക്രമീകരണ ഉത്തരവ് പുറത്തിറങ്ങി

 

പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. പൊലീസില്‍ ഇനി രണ്ട് സംഘടനകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. പൊലീസ് അസോസിയേഷനുകള്‍ പനഃക്രമീകരിച്ച് സർക്കാർ ഉത്തരവ് ഇറക്കി. ഇനി മുതൽ പൊലീസ് അസോസിയേഷനും, കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷനും മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഇതോടെ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന
പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇനിയില്ല. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഗ്രേഡ് എസ്.ഐ വരെ പൊലീസ് അസോസിയേഷനില്‍ ഉണ്ടായിരിക്കും. എസ്‌.ഐ. മുതല്‍ നോണ്‍ ഐ.പി.എസ്. എസ്.പി വരെ പൊലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷനില്‍ ഉൾപ്പെടും.

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (KPOA) യുടെ നിലവിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് എന്ന് അറിയപ്പെടും. സംഘടനകളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന ഭരണപരമായതോ നടപടിക്രമപരമായതോ ആയ എല്ലാ വിഷയങ്ങളിലും അന്തിമ തീരുമാനമെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന പൊലീസ് മേധാവിയിൽ നിക്ഷിപ്തമാണെന്ന് ഉത്തരവിൽ പറയുന്നു.