{"vars":{"id": "89527:4990"}}

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതം: ജോയിൻ്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട്

 
കണ്ണൂര്‍: കെ നവീന്‍ ബാബുവിൻ്റെ മരണത്തില്‍ ലാന്‍ഡ് റവന്യൂ ജോയിൻ്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടിലെ നിർണായക വിവരങ്ങൾ പുറത്ത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല എന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തൽ. ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമെന്നും ദൃശ്യം ചിത്രീകരിച്ചത് ദിവ്യയുടെ ആവശ്യപ്രകാരം ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നായിരുന്നു ദിവ്യയുടെ പ്രധാന ആരോപണം. എന്നാൽ ഫയല്‍ നീക്കവുമായി ബന്ധപ്പെട്ട് യാതൊരുവിധ അസ്വഭാവികതയോ അനധികൃത ഇടപെടലോ ഉണ്ടായിട്ടില്ലെന്നും കൈക്കൂലി വാങ്ങിയതിന് തെളിവുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. നവീന്‍ ബാബുവിൻ്റെ യാത്രയയപ്പ് ദിവസം നടന്ന ഒരു കാര്യങ്ങളും യാദൃശ്ചികമല്ലെന്നും എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമെന്നുമാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. ഇടപെടല്‍ നടത്തിയത് പിപി ദിവ്യ തന്നെ എന്നും വ്യക്തമാകുന്ന വിവരങ്ങളും റിപ്പോർട്ടിലൂടെ പുറത്തു വരുന്നു. എഡിഎമ്മിനെ അപമാനിക്കാന്‍ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തി. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയത്. കലക്‌ടറുടെ ഓഫിസില്‍ നാല് തവണ വിളിച്ച് യാത്രയയപ്പ് ചടങ്ങിൻ്റെ സമയം ഉറപ്പിച്ചിരുന്നു എന്നും ലാന്‍ഡ് റവന്യു ജോയിൻ്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരിപാടി ചിത്രീകരിക്കാന്‍ കണ്ണൂര്‍ വിഷന്‍ ചാനലിനോട് നിര്‍ദേശിച്ചതും പിപി ദിവ്യ തന്നെ. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ ദിവ്യ ശേഖരിച്ചതായും കണ്ണൂര്‍ വിഷന്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച കാര്യങ്ങളില്‍ വിശദമായ പൊലിസ് അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. വിഷയവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനാല്‍ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ല എന്നായിരുന്നു കാരണം പറഞ്ഞിരുന്നത്.