{"vars":{"id": "89527:4990"}}

പട്ടികയിൽ പേരില്ല, മത്സരിക്കാനാകില്ല; ജയിക്കുമെന്ന ട്രെൻഡ് വന്നതാണ് പരാതിക്ക് പിന്നിലെന്ന് വൈഷ്ണ
 

 

തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. സിപിഎമ്മിന്റെ പരാതി അംഗീകരിച്ചാണ് പേര് നീക്കം ചെയ്തത്. ഇതിൽ അപ്പീൽ നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം. കോർപറേഷനിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിലെ കൗൺസിലിലേക്ക് മത്സരിക്കാനാകൂ എന്നതാണ് ചട്ടം

വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരില്ലെന്ന് സിപിഎം പരാതിപ്പെട്ടിരുന്നു. സപ്ലിമെന്ററി വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ പട്ടികയിൽ പേരുണ്ടോയെന്ന് നോക്കാൻ വൈഷ്ണക്ക് സാധിച്ചിരുന്നില്ല. അതിനാൽ വൈഷ്ണ നാമനിർദേശ പത്രികയും സമർപ്പിച്ചിരുന്നില്ല. ഒടുവിലാണ് പരാതിക്കൊടുവിൽ വൈഷ്ണയുടെ പേര് നീക്കം ചെയ്തത്. ഇതോടെ വൈഷ്ണയുടെ സ്ഥാനാർഥിത്വം പ്രതിസന്ധിയിലായി

എന്നാൽ ജയിക്കും എന്ന ട്രെൻഡ് വന്നതിൽ സിപിഎമ്മിന് ടെൻഷനായെന്നും അതാണ് പരാതിക്ക് പിന്നിലെന്നും വൈഷ്ണ ആരോപിച്ചു. സ്വീകരിക്കേണ്ട നിയമ നടപടികളെ കുറിച്ച് പാർട്ടി തീരുമാനിക്കുമെന്നും വൈഷ്ണ പറഞ്ഞു