{"vars":{"id": "89527:4990"}}

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു, ഇപ്പോൾ അത് മാറി: സി പി എ ലത്തീഫ്

 

തിരുവനന്തപുരം: വീണ്ടും സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി എസ്ഡിപിഐ. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലിം ഏകീകരണം ഉണ്ടായിരുന്നുവെന്നും എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്തരത്തില്‍ ഒരു സാഹചര്യമില്ലെന്നാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടറിന് നല്‍കിയ പ്രതികരണത്തിലാണ് സി പി എ ലത്തീഫ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

'കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ മുസ്‌ലിം ഏകീകരണം ഉണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞാകണം സര്‍ക്കാര്‍ പല നയങ്ങളിലും മാറ്റം വരുത്തി. വിവിധ സംഘടനകളോടുള്ള നിലപാടിലും ശ്രദ്ധ നല്‍കി. അതുകൊണ്ട് തന്നെ അന്ന് ഉള്ളതുപോലുള്ള മുസ്‌ലിം ഏകീകരണം സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഇല്ല.

സിപിഐഎമ്മിന്റെ ചില നിലപാടുകളില്‍ എതിരഭിപ്രായങ്ങളുണ്ട്. വെള്ളാപ്പള്ളി നടേശനോടുള്ള സമീപനം, സാംസ്‌കാരിക നായകന്മാരെന്ന നിലയില്‍ ആര്‍എസ്എസുകാരെ ഭരണസംവിധാനങ്ങളുടെ ഭാഗമാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ മുസ്‌ലിങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. പിന്നീട് സര്‍ക്കാര്‍ അത് തിരിച്ചറിയുകയും അതില്‍ നിലപാടുകളില്‍ മാറ്റം വരുത്തുകയും ചെയ്തു,' സി പി എ ലത്തീഫ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഏത് മുന്നണിക്കാകും പിന്തുണ നല്‍കുക എന്നതില്‍ എസ്ഡിപിഐ പരസ്യ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും സിപിഐഎമ്മും എസ്ഡിപിഐയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന ആരോപണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുഡിഎഫ് ഉയര്‍ത്തിയത്. മങ്കട, വേങ്ങര തുടങ്ങിയ പ്രധാന മണ്ഡലങ്ങളിലാണ് ഈ ഡീല്‍ ആരോപണം യുഡിഎഫ് ഉയര്‍ത്തുന്നത്.