{"vars":{"id": "89527:4990"}}

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

 

മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട് എം.എൽ.എയുമായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.

പ്രോസിക്യൂഷൻ റിപ്പോർട്ട് അനുസരിച്ച്, 2024-ൽ സോഷ്യൽ മീഡിയ വഴി പരാതിക്കാരിയുമായി പരിചയത്തിലായ രാഹുൽ അവരുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. സ്വകാര്യമായി സംസാരിക്കാനെന്ന വ്യാജേന തിരുവല്ലയിലെ ഒരു ഹോട്ടലിൽ മുറി എടുക്കാൻ രാഹുൽ യുവതിയെ പ്രേരിപ്പിക്കുകയായിരുന്നു. ഹോട്ടലിൽ വച്ച് രാഹുൽ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. 

ഗർഭിണിയായതോടെ ഭീഷണി

തുടർന്ന് യുവതി ഗർഭിണിയായതോടെ വിവരം രാഹുലിനെ അറിയിച്ചപ്പോൾ രാഹുൽ അവരെ ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷൻ ആരോപിക്കുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഈ വർഷം ജനുവരി 11-ന് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 28-ന് പത്തനംതിട്ട ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിക്കുന്നത് വരെ ഇയാൾ ജയിലിലായിരുന്നു. മറ്റു രണ്ടു കേസുകളിൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും രാഹുൽ നേരത്തെ മുൻകൂർ ജാമ്യം നേടിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ തകർച്ച

ലൈംഗിക ആരോപണങ്ങൾ ഉയർന്നതോടെ കഴിഞ്ഞ വർഷമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ആദ്യ പീഡന പരാതി ഉർന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവി പാർട്ടി നിർദ്ദേശത്തെ തുടർന്ന് രാജിവച്ചിരുന്നു. പാർട്ടി നടപടിയെ തുടർന്ന് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുലിന് സാധിച്ചിരുന്നില്ല. 

സിനിമാ താരം രമേഷ് പിഷാരടിയാണ് പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തി രമേഷ് പിഷാരടി വിജയിക്കുകയും ചെയ്തു. 2024-ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ വടകര എം.പിയായതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് അന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തത്. ബി.ജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിനെ ആയിരുന്നു രാഹുൽ പരാജയപ്പെടുത്തിയത്.