തിരുവനന്തപുരം മെട്രോ അലൈൻമെന്റിന് അംഗീകാരം; ഡിപിആർ തയ്യാറാക്കാനൊരുങ്ങി കെഎംആർഎൽ
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കടന്നു. കെഎംആർഎൽ തയ്യാറാക്കുന്ന പദ്ധതി രേഖാപ്രകാരമായിരിക്കും കേരളം അനുമതിക്കായി കേന്ദ്രത്തെ സമീപിക്കുക. കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ
തിരുവനന്തപുരം മെട്രോയുടെ ആദ്യഘട്ട അലൈൻമെന്റിന് സംസ്ഥാനത്തെ സെക്രട്ടറിതല സമിതി കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്. ലൈറ്റ് മെട്രോയാണ് തുടക്കത്തിൽ പരിഗണിച്ചതെങ്കിലും നഗര പ്രത്യേകതകൾ കൂടി കണക്കിലെടുത്ത് മെട്രോയിലേക്ക് മാറുകയായിരുന്നു.
ടെക്‌നോപാർക്കിന്റെ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവ ബന്ധിപ്പിച്ചാണ് ആദ്യഘട്ട അലൈൻമെന്റ്. പാപ്പനംകോട് നിന്ന് തുടങ്ങി ഈഞ്ചക്കലിൽ അവസാനിക്കുന്ന 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകളുണ്ടാകും.
കെഎംആർഎൽ തയ്യാറാക്കുന്ന ഡിപിആർ അനുമതിക്കായി കേന്ദ്രത്തിന് സമർപ്പിക്കും. ചെലവ് അടക്കമുള്ള കാര്യങ്ങളിലും ആശങ്കയുണ്ടെങ്കിലും കേന്ദ്രം അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് കേരളം.