{"vars":{"id": "89527:4990"}}

ഇത്തവണ തൃശൂര്‍ പൂരം ചടങ്ങുകൾ മാത്രമായി നടത്തിയേക്കും; ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച യോഗം

 

തൃശൂര്‍: മുണ്ടത്തിക്കോട് സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ വ്യാഴാഴ്ച തീരുമാനമെടുക്കും. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍റെ അധ്യക്ഷതയിലാണ് യോഗം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഹൈക്കോടതിയുടെ അനുമതിയോടെയാണ് യോഗം ചേരുന്നത്. കൊച്ചി ദേവസ്വം ബോര്‍ഡ് ഭാരവാഹികളും പൂരം നടത്തിപ്പിലെ പ്രധാനികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുക്കും. അതേസമയം, സര്‍ക്കാരും ജില്ലാ ഭരണകൂടവും സ്വീകരിക്കുന്ന തീരുമാനത്തിന് അനുസൃതമായി പൂരം നടത്തിപ്പില്‍ നിലപാട് എടുക്കുമെന്നാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ നിലവില്‍ അറിയിച്ചിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ 10.30ന് കലക്റ്ററേറ്റിലാണ് യോഗം.

അതേസമയം, ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കും. ആഘോഷപൂർവം പൂരം നടത്താനുള്ള ഒരു സാഹചര്യം അല്ല. ഇപ്പോൾ മരിച്ചവരുടെയും പ​രുക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്‍റെ ശ്രദ്ധ. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു. നിരോധിത വെടിമരുന്ന് ഉത്പന്നങ്ങൾ അവിടെ ഉപയോഗിച്ചിട്ടില്ല എന്നാണ് കരുതുന്നത്. മുണ്ടത്തിക്കോട് സതീഷിന് ദേവസ്വം കരാർ നൽകിയിരിക്കുകയാണ്. അദ്ദേഹം മറ്റ് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ജോലികൾ കൂടി എടുത്തിരിക്കാമെന്നും ഗിരീഷ് കുമാർ പറഞ്ഞു. അപകടത്തിൽ അട്ടിമറി സംശയിക്കുന്നില്ലെന്നും കെ. ​ഗി​രീ​ഷ്കു​മാ​ർ കൂട്ടിച്ചേർത്തു.

സാങ്കേതികമായി വെടിക്കെട്ട് നടത്താനുള്ള സാഹചര്യം തിരുവമ്പാടിക്കില്ല. സാം​പിളിനും പു​ല​ർ​ച്ചെ വെ​ടി​ക്കെ​ട്ടി​നും പകല്‍ വെടിക്കെട്ടിനും തയാറാക്കിയ മുഴുവന്‍ പടക്ക സാമഗ്രികളും സ്‌ഫോടനത്തില്‍ പൊട്ടി നശിച്ചു. പാറമേക്കാവിന്‍റെ കൈവശം വെടിക്കെട്ട് സാമഗ്രികള്‍ തയാറാണ്. എന്നാല്‍, കീഴ്‌വഴക്കമനുസരിച്ച് ഒരു വിഭാഗത്തിന് മാത്രമായി വെടിക്കെട്ട് നടത്താനാകില്ല. എങ്കിലും തയാറാക്കി വെച്ചിരിക്കുന്ന സാമഗ്രികള്‍ പൊട്ടിച്ച് കളയേണ്ടതുണ്ട്. അത് എങ്ങനെ വേണമെന്ന കാര്യത്തിലും വ്യാഴാഴ്ച തീരുമാനമുണ്ടായേക്കും. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. ​രാജേഷും സര്‍ക്കാര്‍ തീരുമാന പ്രകാരം പൂരചടങ്ങുകള്‍ നടത്തുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. മറ്റ് ഘടക ക്ഷേത്രങ്ങളുമായും വിഷയത്തില്‍ ചര്‍ച്ച നടത്തും.