{"vars":{"id": "89527:4990"}}

മൂന്നാറിൽ മുംബൈ സ്വദേശിനിക്ക് ദുരനുഭവം: മൂന്ന് ടാക്‌സി ഡ്രൈവർമാർ അറസ്റ്റിൽ, രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
 

 

മൂന്നാർ സന്ദർശനത്തിനെത്തിയ മുംബൈ സ്വദേശിനിയായ യുവതിക്ക് ടാക്‌സി ഡ്രൈവർമാർ, പോലീസ് എന്നിവരിൽ നിന്ന് ദുരനുഭവം നേരിട്ട സംഭവത്തിൽ നടപടി. ഗ്രേഡ് എസ് ഐ അടക്കം രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. മൂന്ന് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. 

ടാക്‌സി ഡ്രൈവർമാരായ ലാക്കാട് ഫാക്ടറി ഡിവിഷനിൽ പി വിജയകുമാർ(40), തെന്മല എസ്റ്റേറ്റ് ന്യൂ ഡിവിഷനിൽ കെ വിനായകൻ, മൂന്നാർ ജ്യോതി ഭവനിൽ എ അനീഷ് കുമാർ(40) എന്നിവരാണ് അറസ്റ്റിലായത്. അകാരണമായി തടഞ്ഞുനിർത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

മൂന്നാർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ജോർജ് കുര്യൻ, എഎസ്‌ഐ സാജു പൗലോസ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്. സംഭവസ്ഥലത്ത് എത്തിയ ഇരുവരും യുവതിയെ സഹായിക്കാതെ ടാക്‌സി ഡ്രൈവർമാർക്ക് അനുകൂല നിലപാട് സ്വീകരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

മുംബൈയിലെ അധ്യാപികയായ ജാൻവി എന്ന യുവതി കഴിഞ്ഞ വ്യാഴാഴ്ചയാണ് മൂന്നാറിലെത്തിയത്. ഓൺലൈൻ ടാക്‌സിൽ യാത്ര ചെയ്തപ്പോൾ പ്രദേശത്തെ ഡ്രൈവർമാരിൽ നിന്ന് നേരിട്ട ദുരനുഭവം വിവരിച്ച് ഇവർ വീഡിയോ പുറത്തു വിടുകയായിരുന്നു. ഇനി കേരളത്തിലേക്ക് വരില്ലെന്നും യുവതി വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.