തൃശ്ശൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു
Oct 3, 2025, 16:04 IST
തൃശ്ശൂർ മറ്റത്തൂർ ഇത്തുപ്പാടത്ത് കാർ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന 17കാരി മരിച്ചു. ഇത്തുപ്പാടം സ്വദേശി ഷാജിയുടെ മകൾ നിരഞ്ജനയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഇത്തുപ്പാടം ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം.
ട്യൂഷന് പോകാൻ കാത്തുനിൽക്കുന്നതിനിടെ എതിർദിശയിൽ നിന്നെത്തിയ കാർ നിരഞ്ജനയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സിലിരിക്കെയാണ് മരണം സംഭവിച്ചത്.
കൊടകര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. അപകടത്തിന് ഇടയാക്കിയ കാർ വെള്ളിക്കുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പെരിഞ്ഞനം സ്വദേശിയുടേതാണ് കാർ.