{"vars":{"id": "89527:4990"}}

തൃശ്ശൂരും ആലപ്പുഴയും കഴിഞ്ഞു, എയിംസ് ഇപ്പോൾ തെങ്കാശിയിലായാലും മതി; സുരേഷ് ഗോപിയെ പരിഹസിച്ച് ഗണേഷ് കുമാർ
 

 

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ പരിഹസിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. തെരഞ്ഞെടുപ്പ് കാലമായപ്പോൾ സുരേഷ് ഗോപി നടത്തുന്ന പ്രസ്താവനകളെയാണ് മന്ത്രി പരിഹസിച്ചത്. ഓരോ ഘട്ടത്തിലും ഓരോ സ്ഥലത്ത് എയിംസ് വരുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നതെന്ന് ഗണേഷ് കുമാർ പറഞ്ഞു

ആദ്യം തൃശ്ശൂരിൽ വരുമെന്ന് പറഞ്ഞു. പിന്നെ തന്റെ അമ്മ വീടായ ആലപ്പുഴയിൽ വരുമെന്ന് മാറ്റിപ്പറഞ്ഞു. ഇപ്പോൾ തെങ്കാശിയിൽ വന്നാലും മതിയെന്ന നിലപാടിലാണ് സുരേഷ് ഗോപിയെന്ന് ഗണേഷ് കുമാർ പരിഹസിച്ചു. കേരളത്തിൽ ഒളിമ്പിക്‌സ് നടത്തുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തെയും മന്ത്രി പരിഹസിച്ചു. വോട്ട് തട്ടാൻ എന്തും പറയുന്ന രീതിയാണ് സുരേഷ് ഗോപിയുടേത്

ശബരിമലയിൽ പോറ്റിയെ കയറ്റിയത് മന്ത്രിയല്ല, തന്ത്രിയാണ്. മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്ത് കയറ്റിയതും തന്ത്രിയാണ്. വാജി വാഹനം അടിച്ചു കൊണ്ട് പോയത് ആരാണെന്നും മന്ത്രി ചോദിച്ചു. യുഡിഎഫ് മതവികാരം ഇളക്കി വിടുകയാണ്. ബിജെപിയേക്കാൾ അപകടകരമായ രീതിയിലാണ് യുഡിഎഫിന്റെ നീക്കമെന്നും ഗണേഷ് കുമാർ പറഞ്ഞു.