ലാലി ജയിംസിനെതിരെ ഉചിതമായ സമയത്ത് ഉചിതമായ നടപടിയെടുക്കുമെന്ന് തൃശ്ശൂർ ഡിസിസി പ്രസിഡന്റ്
തൃശ്ശൂരിൽ മേയർ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് പണം വാങ്ങിയെന്ന ആരോപണം ഉന്നയിച്ച കൗൺസിലർ ലാലി ജെയിംസിനെതിരെ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. ലാലി ജെയിംസിനെതിരെ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി. നാലുതവണ മത്സരിച്ച ലാലി ആർക്കാണ് പെട്ടി കൊടുത്തതെന്നും ജോസഫ് ടാജറ്റ് ചോദിച്ചു.
മേയർ സ്ഥാനാർഥിക്ക് പെട്ടി കൊടുക്കണമെങ്കിൽ കൗൺസിലർ സ്ഥാനാർത്ഥിയാകാനും പെട്ടി കൊടുക്കേണ്ടെയെന്നും ജോസഫ് ടാജറ്റ് ചോദിച്ചു. തൃശ്ശൂർ കോർപ്പറേഷനിലെ പാർലമെന്ററി പാർട്ടി തീരുമാനം, കൗൺസിൽ അഭിപ്രായം എല്ലാം മാനിച്ചാണ് നിജി ജസ്റ്റിനെ മേയർ സ്ഥാനത്തേയ്ക്ക് പരിഗണിച്ചതെന്നും ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി.
നിജിയെ മേയർ സ്ഥാനാർഥിയാക്കിയത് എല്ലാ മാനദണ്ഡവും പാലിച്ചാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. ഇതിനിടെ മേയർ തെരഞ്ഞെടുപ്പിന് ശേഷം ലാലി ജെയിംസിനെതിരെ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം.