വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; ആർആർടി അംഗത്തിന് പരിക്ക്
Jan 26, 2025, 12:58 IST
കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടയിൽ വനംവകുപ്പ് ആർആർടി അംഗത്തിന് പരിക്ക്. കടുവാ ആക്രമണമാണെന്ന് സൂചന. മാനന്തവാടി ആർആർടി അംഗത്തിലെ ജയസൂര്യ എന്ന ജീവനക്കാരനാണ് പരിക്കേറ്റത്. പഞ്ചാരക്കൊല്ലി കാറാട്ട് വനത്തിനകത്ത് വച്ചാണ് പരിക്കേറ്റത്. മന്ത്രി ഒ ആർ കേളു പരിക്ക് സ്ഥിരീകരിച്ചു. ജീവനക്കാരന് പരിക്കേറ്റതായി ഡിഎഫ്ഒ പറഞ്ഞതായി മന്ത്രി കേളു അറിയിച്ചു. പരിക്കേറ്റ ആളെ ഉടൻ ആശുപത്രിയിലെത്തിക്കുമെന്ന് ബേഗൂർ റൈഞ്ചർ രഞ്ജിത്ത് പറഞ്ഞു. അതേസമയം, മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഇറങ്ങിയ കടുവക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ആദിവാസി സ്ത്രീ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. വനംവകുപ്പിലെ തത്‌കാലിക വാച്ചർ അച്ചപ്പന്‍റെ ഭാര്യയായ രാധ (45) ആണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ കടുവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.