തിരുമല അനിൽ കുമാറിന്റെ ആത്മഹത്യ: സഹകരണ സംഘം സെക്രട്ടറിക്ക് പോലീസ് നോട്ടീസ്
തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും ബിജെപി നേതാവുമായ തിരുമല അനിൽ കുമാർ ആത്മഹത്യ ചെയ്ത കേസിൽ സഹകരണ സംഘത്തിന് പോലീസ് നോട്ടീസ്. അനിൽ കുമാർ പ്രസിഡന്റായിരുന്ന സഹകരണ സംഘത്തിനാണ് പോലീസ് നോട്ടീസ് നൽകിയത്. ഡയറക്ടർ ബോർഡിലെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോർട്ടും ആവശ്യപ്പെട്ടാണ് സംഘം സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്
അതേസമയം അനിൽ കുമാറിന്റെ മരണം സംബന്ധിച്ച അന്വേഷണം കന്റോൺമെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി. 15 വർഷത്തോളം അനിൽ കുമാർ പ്രസിഡന്റായിരുന്ന സഹകരണ സംഘത്തിന് ആറ് കോടിയുടെ സാമ്പത്തിക പ്രതിസന്ധിയുണ്ട്. ചട്ടവിരുദ്ധമായ വായ്പയും ശമ്പളവും നിയമനവും നൽകിയതിലൂടെ കോടികളുടെ നഷ്ടം സംഭവിച്ചെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്.
നിക്ഷേപകർ പണം ആവശ്യപ്പെട്ട് എത്തിയതോടെ മടക്കി കൊടുക്കാൻ കഴിയാതെ വന്നത് അനിലിനെ മാനസിക സംഘർഷത്തിലാക്കിയെന്ന് പൂജപ്പുര പോലീസിൽ സുഹൃത്തുക്കൾ മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് സംഘത്തിലെ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ, സാമ്പത്തിക നില സംബന്ധിച്ച് ഓഡിറ്റ് റിപ്പോർട്ട് എന്നിവയാണ് പോലീസ് ഇപ്പോൾ തേടിയിരിക്കുന്നത്.