{"vars":{"id": "89527:4990"}}

പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച പുനരാരംഭിക്കും; ഉപാധികൾ ഏർപ്പെടുത്തുമെന്ന് ഹൈക്കോടതി
 

 

ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ടോൾ പിരിവിന് വിലക്കേർപ്പെടുത്തിയിരുന്നത്. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാൻ അനുമതി നൽകുമെന്നും കോടതി വ്യക്തമാക്കി. 

പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്‌കരിച്ചത് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. പുതുക്കിയ ടോൾ ആയിരിക്കുമോ ഇനി മുതൽ ഈടാക്കുകയെന്നത് ഹൈക്കോടതി ഉത്തരവിന് ശേഷമെ വ്യക്തമാകൂ. ഓഗസ്റ്റ് ആറ് മുതലാണ് പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞത്. ഗതാഗത കുരുക്കിന് പരിഹാരം കാണാതെ ടോൾ പിരിക്കേണ്ടെന്ന് കോടതി നിർദേശിക്കുകയായിരുന്നു


ദേശീയപാതയിൽ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ ഗതാഗത കുരുക്കും സർവീസ് റോഡുകളുടെ ശോച്യാവസ്ഥയും ചൂണ്ടിക്കാട്ടിയുള്ള ഹർജിയെ തുടർന്നായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. ഇതിനെതിരെ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും സുപ്രീം കോടതി വരെ പോയെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല.