സംയുക്ത ട്രേഡ് യൂനിയന്റെ ദേശീയ പണിമുടക്ക് ആരംഭിച്ചു; കേരളത്തിൽ ഹർത്താൽ പ്രതീതി

കേന്ദ്രസർക്കാരിന്റെ തൊഴിലളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയൻ തൊഴിലാളികൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്കിന് തുടക്കമായി. ബി എം എസ് ഒഴികെയുള്ള
 

കേന്ദ്രസർക്കാരിന്റെ തൊഴിലളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയൻ തൊഴിലാളികൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്കിന് തുടക്കമായി. ബി എം എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂനിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

പണിമുടക്ക് കേരളത്തിൽ ഹർത്താലിന്റെ പ്രതീതിയാണുണ്ടാക്കുന്നത്. ബസുകളും ടാക്‌സികളും സർവീസ് നടത്തുന്നില്ല. അത്യാവശ്യം സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചെങ്കിലും കടകൾ തുറന്നിട്ടില്ല. കെ എസ് ആർ ടി സിയും സർവീസ് നടത്തുന്നില്ല

ബുധനാഴ്ച രാത്രി 12 മണി വരെയാണ് പണിമുടക്ക്. സംഘടിത, അസംഘടിത പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അവശ്യ സർവീസുകൾ, ആശുപത്രി, പാൽ, പത്രവിതരണം, വിനോദ സഞ്ചാര മേഖല, ശബരിമല തീർഥാടനം എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൊഴിലാളികളുടെ കുറഞ്ഞ വേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴിൽ നിയമങ്ങൾ ഭേദഗതി വരുത്താതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.