ട്രെയിൻ-വിമാന യാത്രാനിരക്ക്: കൊവിഡ് കാലത്തെ കൊള്ളയടിയിൽ നിന്ന് കേന്ദ്രം പിൻമാറണമെന്ന് രമേശ് ചെന്നിത്തല

കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്വന്തം നാടുകളിലേക്ക് ജീവനും കൊണ്ട് ഓടി വരുന്നവരെ വിമാന ടിക്കറ്റിന്റെയും റെയിൽവേ ടിക്കറ്റിന്റെയും പേരിൽ കൊള്ളയടിക്കുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
 

കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്വന്തം നാടുകളിലേക്ക് ജീവനും കൊണ്ട് ഓടി വരുന്നവരെ വിമാന ടിക്കറ്റിന്റെയും റെയിൽവേ ടിക്കറ്റിന്റെയും പേരിൽ കൊള്ളയടിക്കുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സമയത്ത് ജനങ്ങൾക്ക് സൗജന്യ യാത്രയാണ് നൽകേണ്ടത്. അതിന് പകരം അമിത യാത്രാക്കൂലി വാങ്ങി സർക്കാർ തന്നെ അവരെ പിഴിയുന്നത് ക്രൂരതയാണ്.

അമിതമായ നിരക്കാണ് വിദേശത്ത് നിന്നും വരുന്ന ഇന്ത്യക്കാരിൽ നിന്ന് എയർ ഇന്ത്യ ഈടാക്കുന്നത്. ഗൾഫിൽ നിന്ന് 13,000 രൂപയും അമേരിക്കയിൽ നിന്ന് ഒരു ലക്ഷം രൂപയുമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഇതിൽ കൂടുതലും നൽകേണ്ടി വരുന്നു. ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ഓടിക്കുന്ന ട്രെയിനുകളിലാകട്ടെ രാജധാനിയിലേതിനേക്കാൾ കൂടി നിരക്കാണ് ഈടാക്കുന്നത്.

ഡൈനാമിക് ഫെയർ രീതിയിലാണ് ട്രെയിൻ ടിക്കറ്റ് നൽകുന്നത്. അവസാനം വാങ്ങുന്നവർക്ക് വൻതുക നൽകേണ്ടി വരുന്നു. അമിത ചാർജ് ഈടാക്കുന്നു എന്നതല്ലാതെ യാതൊരു സൗകര്യവും നൽകുന്നുമില്ല. ആപത്ത് കാലത്ത് രക്ഷക്ക് എത്തേണ്ട സർക്കാർ ജനങ്ങളെ പിഴിയുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു