{"vars":{"id": "89527:4990"}}

ട്രെക്കിങ് ഇനിയും തുടരുമെന്ന് ശരണ്യ; മകളുടെ ഇഷ്ടത്തിന് തടസ്സം നിൽക്കില്ലെന്ന് മാതാപിതാക്കൾ

 

കോഴിക്കോട്: കുടകിലെ നിബിഡവനത്തിൽ നാലു ദിവസം ഒറ്റപ്പെട്ടുപോയ ശരണ്യ ഒടുവിൽ സുരക്ഷിതയായി നാദാപുരത്തെ വീട്ടിലെത്തി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ശരണ്യ നാദാപുരത്തെ വീട്ടിലെത്തിയത്. "ട്രെക്കിങ് ഇനിയും തുടരും" എന്നായിരുന്നു വീട്ടിലെത്തിയ ശേഷമുള്ള ശരണ്യയുടെ ആദ്യ പ്രതികരണം. മകളുടെ താൽപ്പര്യങ്ങൾക്ക് തടസ്സം നിൽക്കില്ലെന്ന് മാതാപിതാക്കളും വ്യക്തമാക്കി.

കുടകിലെ മടിക്കേരിയിൽ ട്രെക്കിങ്ങിനിടെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ശരണ്യയെ കാണാതായത്. ഇയ്യങ്കോട്ടെ വടക്കയിൽ ഗോപിയുടെയും ഷൈലജയുടെയും മകളാണ് ശരണ്യ. കാണാതായ വനമേഖലയിൽ മരച്ചുവട്ടിൽ വിശ്രമിക്കുന്ന നിലയിലാണ് തിരച്ചിൽ സംഘം ശരണ്യയെ കണ്ടെത്തിയത്. നാലു പകലും രാത്രിയും കൊടുംകാട്ടിൽ കുടുങ്ങിയിട്ടും ശരണ്യയുടെ ആത്മവിശ്വാസത്തിന് കുറവുണ്ടായില്ല.

കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനായി ഏപ്രില്‍ രണ്ടിന് ഒറ്റയ്ക്കാണ് ശരണ്യ കൊച്ചിയില്‍ നിന്ന് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ടാം തിയതി രാവിലെ 8.15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങി ട്രക്കിങ് ആരംഭിച്ചു. പ്രദേശത്ത് കാട്ടാന ശല്യം കണക്കിലെടുത്ത് മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ യാത്ര തിരിച്ചത്.

വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ നിർദേശ പ്രകാരമാണ് ശരണ്യ സംഘത്തോടൊപ്പം ചേർന്നത്. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ കൂടെയുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും സ്വിച്ച് ഓഫ് ആവുകയും ചെയ്തു. തുടർന്നാണ് ശരണ്യയെ കാണാതായെന്ന വിവരം പുറംലോകമറിയുന്നത്.