{"vars":{"id": "89527:4990"}}

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ; ഒന്ന് പായയിൽ പൊതിഞ്ഞ നിലയിൽ: പോലീസ് അന്വേഷണം ആരംഭിച്ചു

 

കണ്ണൂർ വാണിയപ്പാറ ഉണ്ണി മിശിഹാ പള്ളിയുടെ സെമിത്തേരിയിലെ കല്ലറ തുറന്നപ്പോൾ മൃതദേഹത്തിന് സമാനമായ വസ്തു കണ്ട സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം സംസ്‌കരിക്കാനായി കല്ലറ തുറന്നപ്പോഴാണ് നേരത്തെ അടക്കിയ മൃതദേഹത്തിനൊപ്പം പായയിൽ പൊതിഞ്ഞ നിലയിൽ ദുരൂഹമായ വസ്‌തു കണ്ടെത്തിയത്.

ഈ മാസം പതിമൂന്നിന് ഇടവകാംഗത്തിൻ്റെ സംസ്‌കാരത്താനായി കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹത്തിന് സമാനമായ വസ്തു കണ്ടെത്തിയത്. നേരത്തെ അടക്കിയ ഒരു മൃതദേഹ അവശിഷ്ടത്തിന് ഒപ്പമായിരുന്നു മറ്റൊരു മൃതദേഹത്തിന് സമാനമായ വസ്‌തു. ഉടൻ തന്നെ പള്ളി ഭാരവാഹികൾ പോലീസിനെ വിവരമറിയിച്ചു. ക്രിസ്‌തീയ ആചാര പ്രകാരം പായയിൽ പൊതിഞ്ഞ് മൃതദേഹം അടക്കാറില്ലെന്നും അന്വേഷണത്തിലൂടെ ദുരൂഹത നീക്കാനാണ് പോലീസിൽ പരാതി നൽകിയതെന്നും പള്ളി വികാരി ഫാദർ ജിൽബർട്ട് കൊന്നയിൽ പറഞ്ഞു.

പ്രദേശവാസിയായ ജിൽസ് ഉണ്ണിമാക്കലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പള്ളിയിലെ മരണ രജിസ്റ്ററുകൾ പരിശോധിച്ച് കല്ലറയിൽ അടക്കിയത് ആരൊക്കെ എന്നുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണ്.