തീക്കട്ടയിൽ ഉറുമ്പരിച്ചു: കേരളാ പോലീസ് അക്കാദമിയിലെ രണ്ട് ചന്ദന മരങ്ങൾ മോഷണം പോയി
Jan 6, 2026, 15:36 IST
തൃശ്ശൂർ കേരളാ പോലീസ് അക്കാദമിയിൽ ചന്ദന മോഷണം. ലക്ഷങ്ങൾ വില വരുന്ന രണ്ട് ചന്ദന മരങ്ങലാണ് മോഷണം പോയത്. 30 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളുടെ ഭാഗങ്ങളാണ് മുറിച്ചു കടത്തിയത്. ഡിസംബർ 27നും ജനുവരി രണ്ടിനും ഇടയിലാണ് മോഷണം നടന്നത്.
സംഭവത്തിൽ അക്കാദമി എസ്‌റ്റേറ്റ് ഓഫീസറുടെ പരാതിയിൽ വിയ്യൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാട്ടുകാരാണ് മരത്തിന്റെ ഭാഗം മുറിച്ച് മാറ്റിയെന്ന സംശയം തോന്നി അക്കാദമി അധികൃതരെ അറിയിച്ചത്. തുടർന്ന് പരിശോധന നടത്തുകയായിരുന്നു.
ക്രിസ്മസ് അവധിക്കാലത്താണ് മരം മുറിച്ചതെന്നാണ് വിവരം. മോഷണത്തിന്റെ പശ്ചാത്തലത്തിൽ രാത്രികാലങ്ങളിൽ അക്കാദമിയിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്താൻ സർക്കുലർ ഇറക്കിയിട്ടുണ്ട്.