വിവാദമായപ്പോൾ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; താൻ എന്നും അതിജീവിതക്കൊപ്പം
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നീതി ലഭിച്ചെന്ന മുൻ നിലപാട് വിവാദമായപ്പോൾ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ എന്നും അതിജീവിതക്കൊപ്പമെന്നാണ് അടൂർ പ്രകാശിന്റെ പുതിയ പ്രസ്താവന. മാധ്യമങ്ങൾ നൽകിയത് ഒരുവശം മാത്രമാണെന്നും അടൂർ പ്രകാശ് ആരോപിച്ചു.
ദിലീപ് തന്റെ അടുത്ത സുഹൃത്താണെന്നും ദിലീപിന് നീതി ലഭിച്ചെന്നുമായിരുന്നു രാവിലെ മാധ്യമങ്ങൾക്ക് മുന്നിൽ കോൺഗ്രസ് നേതാവ് കൂടിയായ അടൂർ പ്രകാശ് തുറന്നടിച്ചത്. സർക്കാർ കേസിൽ അപ്പീൽ പോകുന്നതിനെ പോലും അപഹസിച്ചു കൊണ്ടായിരുന്നു അടൂർ പ്രകാശ് സംസാരിച്ചത്. ഇത് വിവാദമായതോടെ അടൂർ പ്രകാശിനെ ഒരു ദാക്ഷിണ്യവുമില്ലാതെ കോൺഗ്രസ് നേതാക്കൾ തള്ളിപ്പറഞ്ഞിരുന്നു
ഇതിന് പിന്നാലെയാണ് അടൂർ പ്രകാശ് മലക്കം മറിഞ്ഞത്. കെപിസിസിയുടെ നിർദേശ പ്രകാരമാണ് അടൂർ പ്രകാശ് പ്രസ്താവന തിരുത്തിയതെന്നാണ് വിവരം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി അടൂർ പ്രകാശ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മലക്കം മറച്ചിൽ.
അതിജീവിതക്ക് നീതി കിട്ടണമെന്ന് തന്നെയാണ് തന്റെയും അഭിപ്രായം. കെപിസിസിയും അത് പറഞ്ഞിട്ടുണ്ട്. അപ്പീൽ പോകുന്നതിനെ കുറിച്ച് സർക്കാർ തീരുമാനിക്കണം. അപ്പീൽ പോകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാൻ ആണെന്ന് പറഞ്ഞിട്ടില്ലെന്നും അടൂർ പ്രകാശ് അവകാശപ്പെട്ടു