യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസ്: ജാസ്മിൻ ഷാ അടക്കം ആറ് പേർക്കെതിരെ കുറ്റപത്രം
 

 

യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. സംഘടനാ പ്രവർത്തനത്തിന് വേണ്ടി പിരിച്ചതിൽ നിന്നും 1.80 കോടി രൂപ തട്ടിയെടുത്തതായാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ അടക്കം ആറ് പേർക്കെതിരെയാണ് കുറ്റപത്രം

നഴ്‌സുമാരിൽ നിന്ന് പിരിച്ചെടുത്ത പണം സംഘടനാ ഭാരവാഹികൾ ഫ്‌ളാറ്റ് വാങ്ങാനും കാറ് വാങ്ങാനും വക മാറ്റി ചെലവാക്കിയെന്നാണ് കണ്ടെത്തൽ. 3 കോടി രൂപയുടെ ആരോപണമാണ് ദേശീയ സംസ്ഥാന ഭാരവാഹികൾക്കെതിരെ ഉയർന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിവ് ലഭിച്ചത് 1.80 കോടിയുടെ തട്ടിപ്പിനാണ്

ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിലാണ് ഫ്‌ളാറ്റും കാറും വാങ്ങിയത്. ആശുപത്രി വാങ്ങാനെന്ന പേരിലും സംഘടനയുടെ പണം ഭാരവാഹികൾ സ്വന്തം പക്കലാക്കിയെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ആരോപണം ഉയർന്നതോടെ വിദേശത്തേക്ക് മുങ്ങിയ പ്രതികൾ പിന്നീട് നേപ്പാൾ വഴിയാണ് നാട്ടിലെത്തിയത്. പല ഘട്ടത്തിലും കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നതോടെ കോടതി ഇടപെട്ടിരുന്നു.