{"vars":{"id": "89527:4990"}}

പുനലൂർ മുക്കടവിൽ റബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം; കയ്യും കാലും ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ
 

 

കൊല്ലം പുനലൂർ മുക്കടവിൽ കയ്യും കാലും ചങ്ങലകൾ കൊണ്ട് ബന്ധിച്ച് റബർ മരത്തിൽ കെട്ടിയിട്ട നലയിൽ രണ്ടാഴ്ചയോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. മുക്കടവിൽ കുന്നിൻ പ്രദേശത്തെ ആളൊഴിഞ്ഞ റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മുക്കടവ് പാലത്തിൽ നിന്ന് 600 മീറ്റർ അകലെ കുന്നിൽപ്രദേശത്താണ് മൃതദേഹം കണ്ടത്. ഇന്നലെ ഉച്ച കഴിഞ്ഞ് കാന്താരി ശേഖരിക്കാൻ തോട്ടത്തിലെത്തിയ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. സമീപത്ത് നിന്ന് കീറിയ ബാഗും കത്രികയും കന്നാസും കുപ്പിയും കണ്ടെത്തിയിട്ടുണ്ട്

ടാപ്പ് ചെയ്യാതെ കിടക്കുന്ന റബർ മരങ്ങളാണ് ഇവിടെയുള്ളത്. പറമ്പിൽ കാടും പടർന്ന് കയറിയിട്ടുണ്ട്. അതിനാൽ തന്നെ ദൂരത്ത് നിന്ന് മൃതദേഹം കാണാൻ കഴിയുമായിരുന്നില്ല. മുഖവും ശരീരഭാഗവും തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ ജീർണിച്ചിട്ടുണ്ട്. ശരീരത്തിൽ പൊള്ളലേറ്റതായും പോലീസ് പറയുന്നു.