യഥാർഥ കുറ്റകൃത്യത്തിന്റെ ഗ്രാവിറ്റി കുറച്ച് കാണിക്കാനാണ് വാജിവാഹനത്തെ കുറിച്ച് ചർച്ച നടത്തുന്നത്: അജയ് തറയിൽ
ശബരിമലയിലെ വാജിവാഹന കൈമാറ്റം ചട്ടവിരുദ്ധമായിരുന്നുവെന്ന കണ്ടെത്തലിൽ മറുപടിയുമായി മുൻ ദേവസ്വം ഭരണസമിതി അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിൽ. എന്തോ കണ്ടുപിടിച്ചെന്ന മട്ടിൽ വാജിവാഹനത്തെക്കുറിച്ച് ചർച്ച നടത്തുന്നത് വേദനാജനകമാണെന്ന് അജയ് തറയിൽ പറഞ്ഞു.
തങ്ങളാരും സ്വർണക്കൊള്ള നടത്തിയിട്ടില്ലെന്നും യുഡിഎഫ് നേതാക്കളാരും ശബരിമലയിലെ ഒന്നും കൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2012ലെ അവ്യക്തമായ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാജിവാഹനക്കൈമാറ്റം ചട്ടവിരുദ്ധമെന്ന് പറയുന്നതെന്ന് അജയ് തറയിൽ ആരോപിച്ചു.
വാജിവാഹനം ഒരു ബിംബമാണ്. ബിംബങ്ങൾക്ക് അവകാശി ആചാര്യനാണ്. അങ്ങനെയാണ് ഇത് തന്ത്രിക്ക് കൈമാറിയത്. ഈ അവ്യക്തമായ ഉത്തരവിന്റെ പേരിൽ കാലങ്ങളായി അനുവർത്തിച്ചുപോരുന്ന കീഴ്വഴക്കത്തിൽ മാറ്റം കൊണ്ടുവരുന്നതെങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു.
ഉദ്യോഗസ്ഥരാരും ഈ ഉത്തരവിനെക്കുറിച്ച് സൂചിപ്പിച്ചതുമില്ല. കോടികളുടെ സ്വർണം കട്ട കുറ്റകൃത്യത്തിന്റെ ഗ്രാവിറ്റി കുറച്ചുകാണിക്കാനാണ് വാജിവാഹനത്തെ ചുറ്റിപ്പറ്റി ഇത്തരം ചർച്ചകൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.