{"vars":{"id": "89527:4990"}}

കേരളത്തിന് 20 കോച്ചുള്ള വന്ദേഭാരത്; 320 സീറ്റുകൾ കൂടി വർധിക്കും
 

 

ചെന്നൈയിലെ ഇന്റഗ്രൽ ഫാക്ടറിയിൽ നിന്ന് പുറത്തിറക്കിയ 20 കോച്ചുകളുള്ള  വന്ദേഭാരത് ട്രെയിൻ കേരളത്തിൽ എത്തിച്ചു. തിങ്കളാഴ്ച്ച ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയ ട്രെയിൻ ചെന്നൈ ബേസിൻ ബ്രിഡ്ജിലെ പരിശോധനയ്ക്ക് ശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. 

പാലക്കാട് വഴി പുതിയ വന്ദേഭാരത് മാംഗളൂരുവിലെത്തിക്കും. നിലവിൽ 16 കോച്ചുകളുമായി ആലപ്പുഴ വഴി ഒടുന്ന മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത് ആണ് 20 കോച്ചുകളായി മാറി സർവീസ് നടത്തുക. മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്ക് ശേഷമായിരിക്കും സർവീസ് തുടങ്ങുന്ന തിയതി നിശ്ചയിക്കുക. 

നിലവിൽ 1016 സീറ്റുകളുള്ള വണ്ടിയിൽ 320 സീറ്റുകൾ വർധിച്ച് 1336 സീറ്റുകളാകും. 16 കോച്ചുകളുണ്ടായിരുന്ന തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ജനുവരി 10 മുതൽ 20 കോച്ചുകളായി ഉയർത്തിയിരുന്നു.