വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പില്ല; പ്രതിഷേധവുമായി മുസ്ലീം ലീഗും സിപിഎമ്മും
 

 

വന്ദേഭാരത് സ്റ്റേഷൻ പട്ടികയിൽ നിന്നും തിരൂരിനെ ഒഴിവാക്കിയതിനെതിരെ മുസ്ലിം ലീഗും സിപിഎമ്മും പ്രതിഷേധത്തിലേക്ക്. ആദ്യ പരീക്ഷണ ഓട്ടത്തിൽ തിരൂരിൽ വന്ദേഭാരതിന് സ്‌റ്റോപ്പുണ്ടായിരുന്നു. എന്നാൽ രണ്ടാമത്തെ തവണ നിർത്തിയില്ല. സ്റ്റേഷനുകളുടെ പട്ടിക പുറത്തുവന്നപ്പോൾ തിരൂരിനെ ഒഴിവാക്കി ഷൊർണൂരിനെ ഉൾപ്പെടുത്തുകയും ചെയ്തു

തിരൂരിനെ ഒഴിവാക്കിയത് മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമെന്നാണ് മുസ്ലിം ലീഗ് പ്രതികരിച്ചത്. ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ലീഗ് നേതാക്കൾ അറിയിച്ചു. സിപിഎമ്മും ഇന്ന് വൈകുന്നേരം തിരൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുന്നുണ്ട്. 

അതേസമയം തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് ബുക്കിംഗ് ആരംഭിച്ചത്. ഐആർസിടിസി വെബ്‌സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം

തിരുവനന്തപുരം-കാസർകോട് യാത്രക്ക് ചെയർ കാറിന് 1590 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിന് 2880 രൂപയുമാണ് നിരക്ക്. കാസർകോട് നിന്നുള്ള റഗുലർ സർവീസ് 26നും തിരുവനന്തപുരത്ത് നിന്ന് 28നുമാണ്. 

തിരുവനന്തപുരത്ത് നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള നിരക്കുകൾ ചെയർകാർ, എക്‌സിക്യൂട്ടീവ് കാർ എന്നിങ്ങനെ

കൊല്ലം- 435, 820
കോട്ടയം-555-1075
എറണാകുളം നോർത്ത്-765, 1420
തൃശ്ശൂർ-880, 1650
ഷൊർണൂർ-950, 1775
കോഴിക്കോട്-1090, 2060
കണ്ണൂർ- 1260, 2415
കാസർകോട്-1590, 2880