{"vars":{"id": "89527:4990"}}

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച വണ്ടൂർ സ്വദേശിനി മരിച്ചു; ഒരു മാസത്തിനിടെ അഞ്ചാമത്തെ മരണം
 

 

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭന (56)യാണ് മരിച്ചത്. ഇതോടെ ഒരു മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി

കഴിഞ്ഞ വ്യാഴാഴ്ചയാണ് ശോഭനയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. അന്ന് മുതൽ അബോധാവസ്ഥയിലായിരുന്നു. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കിണർ വെള്ളത്തിൽ നിന്നാണെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് ക്ലോറിനേഷൻ അടക്കം നടത്തി

ചികിത്സയിലുള്ളവർക്ക് വിദേശത്ത് നിന്ന് ഉൾപ്പടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. അമീബിക് മസ്തിഷ്‌കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.