{"vars":{"id": "89527:4990"}}

വിഡി സതീശന്‍ ഇന്നലെ പൂത്ത തകര; ലീഗാണ് എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാന കണ്ണി: വെള്ളാപ്പള്ളി നടേശന്‍

 

എസ്എന്‍ഡിപി – എന്‍എസ്എസ് സഹകരണത്തിന് വീണ്ടും കളമൊരുങ്ങുന്നു. ഐക്യം അനിവാര്യമെന്ന് വെള്ളാപ്പള്ളി നടേശന്‍. ഇരുസംഘടനകളേയും തമ്മില്‍ തല്ലിച്ചത് മുസ്ലിംലീഗ്. സഹകരണത്തിനായി എസ്എന്‍ഡിപി മുന്‍കൈ എടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈമാസം 21ന് എസ്എന്‍ഡിപി യോഗം ആലപ്പുഴയില്‍.

ഈ കാലത്ത് എല്ലാവരും ഐക്യത്തിന്റെ പാതയിലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കൂട്ടായ്മ അനിവാര്യം. ഭിന്നിച്ച് നില്‍ക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ല. നിര്‍ഭാഗ്യവശാല്‍ വിയോജിപ്പ് ഉണ്ടായി. അത് മനപ്പൂര്‍വമല്ല. അവിടെ കൊണ്ടുചെന്ന് ഞങ്ങളെ എത്തിച്ചു എന്നുള്ളതാണ്. അതില്‍ പ്രധാന ഘടകം സംവരണമാണ്. സംവരണം പറഞ്ഞുകൊണ്ട് എന്നെ കൊണ്ടു നടന്നു. ഞാന്‍ അതിന്റെ പിറകേ പോയി എന്നുള്ളത് സത്യമാണ്. പിന്നീട് ചതിക്കപ്പെട്ടു എന്ന് മനസിലായി. യുഡിഎഫ് ആണ് ചതിച്ചതെന്ന് പറഞ്ഞിട്ടില്ല. എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാന കണ്ണി ലീഗ് നേതൃത്വമാണ്. ഞങ്ങളെ അകറ്റി നിര്‍ത്തിക്കൊണ്ട് ഈ പണികളെല്ലാം ചെയ്തത് അവരാണ്. അവരെല്ലാം യോജിച്ചു നിന്നുകൊണ്ട് ഭരണത്തില്‍ വന്നിട്ട് ഒരു പരിഗണനയും തന്നില്ല- അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ വീണ്ടും വെള്ളാപ്പള്ളി നടേശന്‍ കടന്നാക്രമിച്ചു. വി.ഡി സതീശന്‍ ഇന്നലെ പൂത്ത തകരയെന്നായിരുന്നു പരിഹാസം. താന്‍ വര്‍ഗീയ വാദിയാണോയെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പറയട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. എതിര്‍ത്തത് ലീഗിന്റെ വര്‍ഗീയ സ്വഭാവത്തെയെന്നും വിശദീകരണമുണ്ട്.

നായാടി മുതല്‍ നസ്രാണി വരെയുള്ളവരുടെ യോജിപ്പ് അനിവാര്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ മുസ്ലീം വിരോധി അല്ല. ലീഗ് തന്നെ വര്‍ഗീയവാദി ആക്കി മാറ്റി. ലീഗിന്റെ വര്‍ഗീയ സ്വഭാവത്തെ താന്‍ എതിര്‍ത്തു. അതിന്റെ പേരില്‍ തന്നെ വര്‍ഗീയ വാദി ആക്കി. ആടിനെ പട്ടിയാക്കി, പട്ടിയെ പേപട്ടി ആക്കി തല്ലി കൊല്ലാന്‍ ശ്രമിക്കുന്നു. വിഡി സതീശന്‍ ലീഗിന് പിന്തുണ നല്‍കുന്നു. എ കെ ആന്റണിയോ രമേശ് ചെന്നിത്തലയോ കെ സി വേണുഗോപാലോ പറയട്ടെ ഞാന്‍ വര്‍ഗീയവാദി ആണെന്ന്. വിഡി സതീശന്‍ ഇന്നലെ മുളച്ച തകര. വിഡി സതീശന്‍ തന്നെ നിരന്തരം വേട്ടയാടുന്നു. ഈ മാന്യന്റെ ഉപ്പാപ്പ വിചാരിച്ചാലും എസ്എന്‍ഡിപിയേ പിളര്‍ത്താന്‍ ആവില്ല. ഞങ്ങള്‍ യോജിച്ചാല്‍ നിങ്ങള്‍ക്ക് എന്ത് പ്രശ്‌നം? യോജിക്കേണ്ടവര്‍ യോജിക്കണം. ഇത് കാലത്തിന്റെ അനിവാര്യതയാണ്. ജനം ആഗ്രഹിക്കുന്ന ഐക്യം. ഐക്യത്തിന് എസ്എന്‍ഡിപി മുന്‍കൈ എടുക്കും. ഞങ്ങളുടെ ദൗത്യം അതാണ് – വെള്ളാപ്പള്ളി പറഞ്ഞു.

തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈമാസം 21ന് എസ്എന്‍ഡിപി യോഗം ആലപ്പുഴയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ശാഖ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിക്കുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഐക്യം ഇടം നല്‍കില്ല. ഇതില്‍ രാഷ്ട്രീയ നീക്കമില്ല. ഏത് രീതിയില്‍ വേണമെങ്കിലും ആളുകള്‍ക്ക് കാണാം എസ്എന്‍ഡിപിക്ക് രാഷ്ട്രീയ ലക്ഷ്യമില്ല. എന്‍എസ്എസ് ചര്‍ച്ചക്കുള്ള വാതില്‍ തുറന്നു. കൂടികാഴ്ച്ച ഉടന്‍ ഉണ്ടാവും. സമയമോ തീയതിയോ തീരുമാനിച്ചില്ല. തനിക്ക് എതിരായ ആക്രമണം അതിരു കടന്നപ്പോള്‍ ആയിരിക്കും സുകുമാരന്‍ നായര്‍ എനിക്കൊപ്പം നിന്നത്. ഞങ്ങള്‍ തമ്മില്‍ നാളിതുവരെ ഫോണില്‍ സംസാരിച്ചിട്ടില്ല – അദ്ദേഹം പറഞ്ഞു.

സതീശന്‍ ലീഗിന്റെ ഗുഡ് ബുക്കില്‍ കയറാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിയേ വിമര്‍ശിക്കുന്നത് അതിന് വേണ്ടിയാണ്. വിഡി സതീശന്‍ രാഷ്ട്രീയം പഠിച്ചിട്ടില്ല. രമേശ് ചെന്നിത്തലയും കെസി വേണുഗോപലുമൊക്കെ മുഖ്യമന്ത്രിയാവന്‍ യോഗ്യര്‍. വിഡി സതീശന്‍ യോഗ്യനെന്ന് സ്വയം കരുതുന്നു – അദ്ദേഹം പറഞ്ഞു.