{"vars":{"id": "89527:4990"}}

വീണാ വിജയന്റെ ഫോൺ പരിശോധന നിർണായകം; ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയിൽ സമർപ്പിക്കും

 

തിരുവനന്തപുരം: മാസപ്പടിക്കേസിലെ ഇഡി പരിശോധനയിൽ കസ്റ്റഡിയിലെടുത്ത വീണാ വിജയന്റെ ഫോൺ പരിശോധന നിർണായകം. ശാസ്ത്രീയ പരിശോധനയ്ക്കായി ഫോൺ കോടതിയിൽ സമർപ്പിക്കും. ഇന്നലെ റെയ്ഡിൽ വീണയുടെ സ്വകാര്യ ഫോണും പിടിച്ചെടുത്തിരുന്നു. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും ഇഡി മരവിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ പിഎംഎൽഎ കോടതിയിൽ സമർപ്പിക്കും. പിണറായിയുടെ വീട്ടിലെ പരിശോധയിലും രേഖകൾ കണ്ടെത്തിയതായി ഇഡി. റെയ്‌ഡിനിടയിലെ അക്രമങ്ങൾ പെട്ടെന്ന് ഉണ്ടായതല്ലെന്നും ഇതിന് പിന്നിൽ ആസൂത്രണം ഉണ്ടെന്നുമാണ് കണ്ടെത്തൽ. വിശദാംശങ്ങൾ ഡയറക്ടറേറ്റിന് കൈമാറി.

എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. റെയ്ഡിന് പിന്നാലെയാണ് നടപടി. വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു.

242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചതായി ഇഡി.പരിശോധനയില്‍ രേഖകള്‍/ അക്കൗണ്ടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, നിക്ഷേപങ്ങള്‍/ ബാങ്ക് എഫ്ഡി എന്നിവ കണ്ടെത്തിയതായും ഇഡി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.കണ്ടെത്തിയ തെളിവുകള്‍ പരിശോധിച്ചു വരികയാണ്. സിഎംആര്‍എല്ലില്‍ നിന്നും പണംകൈപ്പറ്റിയ മറ്റുള്ളവരെ കുറിച്ചും അന്വേഷണം തുടരുമെന്നും ഇഡി വ്യക്തമാക്കി.

മാസപ്പടി കേസില്‍ പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിലടക്കം 12 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടക വീട്ടിലെ പരിശോധന എട്ടര മണിക്കൂറോളം നീണ്ടു. റെയ്ഡിന് പിന്നാലെ പ്രവര്‍ത്തകരെ കാണാന്‍ പിണറായി വിജയന്‍ നേരിട്ടെത്തി. ഇഡിയെ ഒരുമിച്ച് നേരിടാമെന്ന് പിണറായി പറഞ്ഞു. കണ്ണൂരിലെയും കോഴിക്കോട്ടെയും റെയ്ഡില്‍ ഒന്നും കണ്ടെത്തനായില്ലെന്ന് ഇഡി രേഖാമൂലം എഴുതി നല്‍കി.

പുലര്‍ച്ചെ ആറ് മണിയോടെയാണ് റെയ്ഡ് തുടങ്ങിയത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിലടക്കം സംസ്ഥാനത്തെ പത്തിടങ്ങളിലും ബംഗ്ലൂരിലം രണ്ടിടങ്ങളിലും ഇഡി സംഘം ഒരേ സമയം ഇരച്ചെത്തി.തിരുവനന്തപുരം ബേക്കറി ജംങ്ഷനിലെ പിണറായി വിജയന്റെ വാടക വീട്ടിലെത്തിയത് ഒരു വനിതയടക്കം 5 ഉദ്യോഗസ്ഥര്‍. ഒപ്പം സുരക്ഷക്കായി എട്ട് കേന്ദ്രസേന ഉദ്യോഗസ്ഥരും. പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക്ക് കമ്പനിക്ക് 2017 മുതല്‍ 20 വരെയുള്ള മൂന്ന് വര്‍ഷങ്ങളിലായി ഒരു കോടി 72 ലക്ഷം രൂപ നല്‍കിയതിന്റെ കാരണമെന്തന്നായിരുന്നു ഇഡി തിരക്കിയത്.

എന്ത് സേവനമാണ് സിഎംആര്‍എല്ലിന് എക്‌സാ ലോജിക് നല്‍കിയത്.ഇവര്‍ തമ്മിലുള്ള കരാര്‍ എന്താണ്.പണം കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്താന്‍ കൂടിയായിരുന്നു പരിശോധന.എട്ടര മണിക്കൂര്‍ നീണ്ട പരിശോധനക്കിടെ വീണയുടെ മൊഴിയും സംഘം രേഖപ്പെടുത്തി.കണ്ണൂര്‍ പാണ്ഡ്യാല മുക്കിലെ പിണറായി വിജയന്റെ വീട്ടില്‍ നിന്നും കോഴിക്കോട്ടെ മുഹമ്മദ് റിയാസിന്റെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താനായില്ലന്ന സെര്‍ച്ച് നോട്ട് നല്‍കിയാണ് ഇഡി സംഘം മടങ്ങിയത്. സംഘപരിവാറിന് മുന്നില്‍ മുട്ട് മടക്കില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് ബാങ്ക് നിക്ഷേപങ്ങളുടെ രേഖകള്‍ ഇഡി സംഘം കണ്ടെത്തിയിട്ടുണ്ട്.ഈ രേഖകള്‍ വിശദമായി പരിശോധിക്കും . ശേഷമേ വീണയെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.