അട്ടപ്പാടി മധു വധക്കേസിൽ വിധി ഈ മാസം 30ന്; കൂറുമാറിയവർക്കെതിരെ നടപടിയുണ്ടാകുമോ
 

 

അട്ടപ്പാടി മധു വധക്കേസിൽ വിധി ഈ മാസം 30ന്. കേസിൽ കക്കി മൂപ്പൻ അടക്കം 122 സാക്ഷികളാണുള്ളത്. ഇതിൽ 103 പേരെ വിസ്തരിച്ചു. 10 മുതൽ 17 വരെയുള്ള സാക്ഷികളാണ് രഹസ്യമൊഴി നൽകിയത്. 2022 ഏപ്രിൽ 28നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. വിചാരണ തുടങ്ങിയതുമുതൽ സാക്ഷികൾ തുടർച്ചയായി കൂറുമാറിയത് പ്രോസിക്യൂഷന് തലവേദന സൃഷ്ടിച്ചിരുന്നു

സാക്ഷികളിൽ പലരും കോടതിയിൽ എത്തിയതു പോലും പ്രതികൾക്കൊപ്പമായിരുന്നു. സാക്ഷിസംരക്ഷണ നിയമം നടപ്പാക്കിയതോടെയാണ് കൂറുമാറ്റം ഒരു പരിധി വരെ തടയാൻ പോലീസിന് സാധിച്ചത്. രഹസ്യമൊഴി നൽകിയ എട്ട് പേരിൽ 13ാം സാക്ഷി സുരേഷ് കുമാർ മാത്രമാണ് മൊഴിയിൽ ഉറച്ചുനിന്നത്

പ്രതികളും സാക്ഷികളും ഒരേ നാട്ടുകാരാണ്. പ്രതികളെ ആശ്രയിച്ച് കഴിയുന്നവരാണ് സാക്ഷികളിൽ ഏറെയും. ഇതാണ് കൂറുമാറ്റത്തിനും വഴിവെച്ചത്. കൂറുമാറ്റം ആസൂത്രിതമാണെന്ന് കണ്ടെത്തിയതോടെ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. വിധി വരുന്നതിനൊപ്പം കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടിയുണ്ടാകുമോ എന്നതുകൂടിയാണ് എല്ലാവരും കാത്തിരിക്കുന്നത്.