വിസ്മയ കേസ് പ്രതി കിരൺ കുമാറിനെ വീട്ടിൽ കയറി മർദിച്ചു, ഫോൺ കവർന്നു: നാല് പേർക്കെതിരെ കേസ്
വിസ്മയ കേസ് പ്രതി കിരൺ കുമാറിനെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. ശാസ്താംകോട്ട ശാസ്താംനടയിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. നാല് യുവാക്കളാണ് വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് കിരണിനെ വെല്ലുവിളിച്ചതും പുറത്തേക്ക് വന്ന കിരണിനെ മർദിച്ചതും
അടിച്ച് താഴെയിട്ട ശേഷം കിരണിന്റെ മൊബൈൽ ഫോണും കവർന്നു. മുമ്പും പലപ്പോഴും യുവാക്കളുടെ സംഘങ്ങൾ ബൈക്കുകളിൽ കിരണിന്റെ വീടിന് മുന്നിലെത്തി വെല്ലുവിളിച്ച് പോകാറുണ്ടായിരുന്നു. കണ്ടാൽ അറിയുന്ന നാല് പേർക്കെതിരെയാണ് ശൂരനാട് പോലീസ് കേസെടുത്തത്
നിലമേൽ കൈതോട് സ്വദേശിയും ബിഎഎംഎസ് വിദ്യാർഥിനിയുമായിരുന്ന വിസ്മയ(24) 2021 ജൂൺ 21നാണ് ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. കേസിൽ കിരൺ കുമാറിനെ കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. അടുത്തിടെയാണ് ഇയാൾ സുപ്രീം കോടതിയിൽ നിന്ന് ജാമ്യം നേടിയത്.