വിഴിഞ്ഞം തുറമുഖം; എംഎസ്‌സി ഓഹരി നിക്ഷേപത്തിൽ വിശദ റിപ്പോർട്ട് തേടി എമ്പവേർഡ് കമ്മിറ്റി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ എംഎസ്‌സിയുടെ ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് എമ്പവേർഡ് കമ്മിറ്റി. റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ കമ്മിറ്റി വീണ്ടും യോഗം ചേരൂ. റിപ്പോർട്ട് സമർപ്പിക്കാൻ നിലവിൽ സർക്കാർ സമയപരിധി നിശ്ചയിച്ചിട്ടില്ല. അതേസമയം വിഷയത്തിൽ അടിയന്തര തീരുമാനം എടുക്കേണ്ട സാഹചര്യമില്ലെന്നാണ് എമ്പവേർഡ് കമ്മിറ്റിയുടെ വിലയിരുത്തൽ.
എംഎസ്‌സി കമ്പനിയുടെ ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പരിശോധിച്ചുള്ള റിപ്പോർട്ടാണ് വിസിലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എംഎസ്‌സിയുടെ 10,000 കോടി രൂപയുടെ നിക്ഷേപത്തെക്കുറിച്ച് കരാർ കമ്പനിയായ അദാനി പോർട്സ് സർക്കാർ കമ്പനിയെ മുൻകൂട്ടി അറിയിച്ചിരുന്നോയെന്നും, കരാർ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കേണ്ടതുണ്ട്.
2015-ലെ കരാർ പ്രകാരം തുറമുഖം പ്രവർത്തനസജ്ജമായി ഒരു വർഷം പൂർത്തിയായ ശേഷം 74 ശതമാനം ഓഹരി മറ്റൊരു കമ്പനിക്ക് കൈമാറാൻ വ്യവസ്ഥയുണ്ടെങ്കിലും അതിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നതും പരിശോധിക്കും.
കരാർ ലംഘനം നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ച ശേഷമാണ് വിസിൽ റിപ്പോർട്ട് സമർപ്പിക്കുക. അതിന് ശേഷമായിരിക്കും വിഷയത്തിൽ എമ്പവേർഡ് കമ്മിറ്റി തുടർനടപടികളും തീരുമാനങ്ങളും സ്വീകരിക്കുക.