{"vars":{"id": "89527:4990"}}

കേരളത്തിലും വോട്ടർ പട്ടിക പരിഷ്‌കരണം; തയ്യാറെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം
 

 

ബിഹാർ മാതൃകയിൽ കേരളത്തിൽ വോട്ടർ പട്ടിക പരിഷ്‌കരണത്തിന് തയ്യാറെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം. നിലവിലെ വോട്ടർ പട്ടികയിലും 2002ലെ വോട്ടർപട്ടികയിലും പേരുണ്ടോ എന്ന് ജനങ്ങൾ പരിശോധിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്‌ഐആർ നടപ്പിലാക്കുന്ന തീയതി പ്രഖ്യാപിക്കും. 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേരാൻ ഇരിക്കെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രഖ്യാപനം.

ജൂലൈ മുതൽ വോട്ടർ പട്ടിക പരിഷ്‌കരണത്തിനായുള്ള നടപടികൾ ആരംഭിക്കാനായി സംസ്ഥാന തെരഞ്ഞെടുപ്പ് ഒഫീസർമാർക്ക് കത്ത് നൽകിയിരുന്നു. സെപ്റ്റംബർ മാസത്തോടെ ഇതിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാർ ഡൽഹിയിൽ ചേർന്ന യോഗത്തിൽ വ്യക്തമാക്കിയിരുന്നു. സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടത്തുന്നതിൽ വോട്ടർമാക്ക് ആശങ്ക വേണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.

2002ലെ പട്ടികയിലുള്ള 80 ശതമാനം ആളുകളും 2025 പട്ടികയിലുണ്ട്. പാലക്കാടുള്ള 2 ബിഎൽഒമാർ പട്ടികകൾ താരതമ്യം ചെയ്തപ്പോഴാണ് ഇത് മനസ്സിലായതെന്ന് രത്തൻ യു ഖേൽക്കർ പറഞ്ഞിരുന്നു. സുപ്രീം കോടതി നിർദേശപ്രകാരം ആധാർ കൂടി തിരിച്ചറിയൽ രേഖയായി ഉൾപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു.