തലസ്ഥാനത്തെ ഇനി വി വി രാജേഷ് നയിക്കും; ചട്ടലംഘനം നടന്നുവെന്ന് സിപിഎം
Dec 26, 2025, 14:41 IST
തിരുവനന്തപുരം കോർപറേഷൻ മേയറായി വിവി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 51 വോട്ടുകൾ നേടിയാണ് വിവി രാജേഷ് മേയർ പദവിയിലെത്തിയത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകൾ രാജേഷിന് ലഭിച്ചു. യുഡിഎഫിന്റെ കെഎസ് ശബരിനാഥന് 17 വോട്ടുകളും എൽഡിഎഫിന്റെ ആർ പി ശിവജിക്ക് 29 വോട്ടുകളും ലഭിച്ചു
എംആർ ഗോപനാണ് വിവി രാജേഷിന്റെ പേര് നിർദേശിച്ചത്. വി ജി ഗിരികുമാർ പിന്താങ്ങി. കോൺഗ്രസിന്റെ രണ്ട് വോട്ട് അസാധുവാണ്. ഒപ്പിട്ടതിലെ പിഴവ് മൂലമാണ് വോട്ട് അസാധുവായത്. കെആർ ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടാണ് അസാധുവായത്.
അതേസമയം ബിജെപി ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് സിപിഎം പ്രതിഷേധിച്ചു. ഇരുപതോളം അംഗങ്ങൾ പല പേരുകളിൽ പ്രതിജ്ഞ എടുത്ത് ചട്ടം ലംഘിച്ചു. ഇതിൽ പരാതി നൽകിയത് നിലവിലുണ്ട്. ബലിദാനി പേരിൽ അടക്കം പ്രതിജ്ഞ എടുത്തത് അംഗീകരിക്കാനാകില്ലെന്ന് എസ് പി ദീപക് പറഞ്ഞു.