വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കോഴ വിവാദം; ഇ യു ജാഫറിന്റെ വാദം തള്ളി കോൺഗ്രസ്
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ കോഴ വിവാദത്തിൽ ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ മാസ്റ്ററുടെ വാദം തള്ളി കോൺഗ്രസ്. കൂറുമാറി സിപിഎമ്മിന് വോട്ട് ചെയ്തതോടെ തന്നോട് ഫോണിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമാണെന്ന് മനസിലായതായി കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ എ മുസ്തഫ പറഞ്ഞു. ജാഫർ സിപിഎമ്മിന്റെ കുതന്ത്രത്തിൽ പെട്ട് പോയെന്നും മുസ്തഫ ആരോപിച്ചു
എൽഡിഎഫിന് വോട്ട് ചെയ്യാൻ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണം ജാഫർ നിഷേധിച്ചിരുന്നു. എന്നാൽ ജാഫർ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്നതും പിന്നീട് മെമ്പർ സ്ഥാനം രാജിവെച്ചതും കോഴ വാങ്ങിയതിന് തെളിവാണെന്ന് മുസ്തഫ ആരോപിച്ചു. ജാഫർ കളവ് പറഞ്ഞ് ജനങ്ങളെ വീണ്ടും വിഡ്ഡികളാക്കാൻ ശ്രമിക്കുകയാണ്.
ധാർമികതയുണ്ടെങ്കിൽ കോഴ വാങ്ങിയ പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവെക്കണം. യുഡിഎഫ് നിയമപോരാട്ടവുമായി മുന്നോട്ടു പോകുമെന്നും മുസ്തഫ പറഞ്ഞു.