വടക്കാഞ്ചേരി ലൈഫ് മിഷൻ കേസ്; ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ: സ്വപ്‌ന സുരേഷ് അടക്കം ആറ് പ്രതികള്‍
തൃശൂര്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണ അഴിമതി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്ന സുരേഷ് ഉള്‍പ്പെടെ ആറു പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കരാര്‍ പ്രകാരം ലഭിച്ച തുകയില്‍ നിന്ന് നാല് കോടി രൂപ കമ്മീഷനായി തട്ടിയെടുത്തെന്നാണ് സിബിഐ കണ്ടെത്തല്‍. മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനും മുൻ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിനുമെതിരായ അന്വേഷണം തുടരുകയാണെന്നും സിബിഐ അറിയിച്ചു.
2020-ൽ മുൻ വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. യുഎഇ റെഡ് ക്രസന്റ് പ്രളയബാധിതർക്കായി നൽകിയ 21 കോടി രൂപയുടെ പദ്ധതിയിൽ വ്യാപക സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തൽ.
ഫ്ലാറ്റ് നിർമാണ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് കേസിലെ ഒന്നാം പ്രതി. ലൈഫ് മിഷൻ മൂന്നാം പ്രതിയായ കേസിൽ സന്ദീപ് നായർ, മുൻ യുഎഇ കോൺസുലേറ്റ് പി.ആർ.ഒ സരിത്ത്, സ്വപ്ന സുരേഷ് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. സന്തോഷ് ഈപ്പന്റെ യൂണിടാക് ബിൽഡേഴ്സിനും സെയ്ൻ വെഞ്ച്വേഴ്സിനുമാണ് ഫ്ലാറ്റ് നിർമാണ കരാർ നൽകിയിരുന്നത്.
ആശുപത്രി നിർമാണത്തിന് ടെൻഡർ പോലും ക്ഷണിക്കാതെയാണ് കരാർ നൽകിയതെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. 21 കോടി രൂപയിൽ നിന്ന് ആദ്യഘട്ടത്തിൽ കമ്മീഷൻ എന്ന പേരിൽ ഏകദേശം 4.5 കോടി രൂപയും, തുടർന്ന് അഞ്ച് കോടി രൂപ ലാഭമെന്ന പേരിലും വകമാറ്റിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇതോടെ പദ്ധതിക്കായി ലഭിച്ച തുകയിൽ ഏകദേശം 11 കോടി രൂപ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും 10 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് നടന്നതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
കേസിൽ എം. ശിവശങ്കറിനും യു.വി. ജോസിനും പങ്കുണ്ടെന്ന നിഗമനത്തിലാണ് സിബിഐ അന്വേഷണം തുടരുന്നത്. ഇവർക്കെതിരായ അന്വേഷണം പൂർത്തിയാകാത്തതിനാൽ നിലവിലെ കുറ്റപത്രത്തിൽ ഇവരെ പ്രതികളാക്കിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട ഫയലുകൾ ലഭ്യമാകാത്തത് അന്വേഷണം വൈകാൻ കാരണമായെന്നും ആവശ്യമായ രേഖകൾ ലഭ്യമാക്കാനുള്ള നടപടികൾ തുടരുമെന്നും സിബിഐ വ്യക്തമാക്കുന്നു.