{"vars":{"id": "89527:4990"}}

പ്രധാനമന്ത്രിയുടെ നോർവേ സന്ദർശനം അദാനിയുടെ വിലക്ക് നീക്കാനായിരുന്നോ?: ഡോ. ജോൺ ബ്രിട്ടാസ് എംപി

 

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. നോർവേ പെൻഷൻ ഫണ്ടിന്റെ നിക്ഷേപത്തിൽ നിന്ന് അദാനി ഗ്രൂപ്പിന് ഏർപ്പെടുത്തിയ വിലക്ക് നീക്കാനായിരുന്നോ പ്രധാനമന്ത്രിയുടെ ഈ സന്ദർശനമെന്ന് അദ്ദേഹം ചോദിച്ചു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​അദാനി ഗ്രൂപ്പിന്റെ ഓഹരികൾ നോർവേയുടെ സോവറിൻ വെൽത്ത് ഫണ്ട് (പെൻഷൻ ഫണ്ട്) ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് ജോൺ ബ്രിട്ടാസ് എംപിയുടെ ഈ ചോദ്യം.

​പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വിമർശിച്ചതിനൊപ്പം കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്റെ മംഗലാപുരം സന്ദർശനത്തെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. പ്രത്യേക വിമാനത്തിൽ വി.ഡി. സതീശൻ നടത്തിയ മംഗലാപുരം യാത്രയെ പരിഹസിച്ച അദ്ദേഹം, വ്യക്തിപരമായ ആവശ്യത്തിനാണ് പോയതെന്നാണ് വിശദീകരണമെന്ന് ചൂണ്ടിക്കാട്ടി. ജീവിച്ചിരുന്നപ്പോൾ ആര്യാടൻ മുഹമ്മദിനെ കാണാൻ പോകാത്ത ആളാണ് ഇപ്പോൾ വിമാനത്തിൽ ആര്യാടന്റെ ബന്ധുവിനെ കാണാൻ പോയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം കാര്യങ്ങൾ ചോദിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.

​ബിജെപിയെ നേരിടാൻ കൃത്യമായ പ്രത്യയശാസ്ത്രപരമായ അടിത്തറ വേണമെന്നും കോൺഗ്രസ് ഇപ്പോൾ സങ്കുചിത രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ നടന്ന ചർച്ചകളുടെ 5 ശതമാനം മാത്രമാണ് പുറത്തുവന്നതെന്നും ബാക്കി ഭാഗങ്ങൾ കൂടി പുറത്തുവിടാൻ തയ്യാറാകണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.