കെഎസ്ആർടിസി ബസിൽ വെള്ളക്കുപ്പികൾ കൂട്ടിയിട്ടു; ജീവനക്കാർക്കെതിരേ നടപടി
Oct 5, 2025, 16:46 IST
ആയൂർ: കെഎസ്ആർടിസി ബസിൽ വെള്ളക്കുപ്പി കൂട്ടിയിട്ട ജീവനക്കാർക്കെതിരേ നടപടിയുമായി ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കഴിഞ്ഞ ദിവസം മന്ത്രിയുടെ ശകാരം ഏറ്റുവാങ്ങിയ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജെയ്മോൻ ജോസഫ്, വെഹിക്കിൾ സൂപ്പർവൈസർ, മെക്കാനിക് എന്നിവരെ തൃശൂരിലെ വിവിധ ഡിപ്പോകളിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
ആയൂർ എംസി റോഡിൽ കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും പത്തനാപുരത്തേക്ക് പോവുകയായിരുന്ന മന്ത്രി ആയൂരിൽ വച്ച് ബസ് തടയുകയും പരിശോധിക്കുകയുമായിരുന്നു. മുൻപും ഇക്കാര്യത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുകയും നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.