ചില്ലറ വോട്ടിനും നാല് സീറ്റിനും രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന ശീലം ഞങ്ങൾക്കില്ല: മുഖ്യമന്ത്രി
ആർഎസ്എസ് ബന്ധം ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിമർശനം ശക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ശുദ്ധ അസംബന്ധം പറയാൻ ഒരു മടിയും വിഡി സതീശൻ ഇല്ലെന്ന് കാണിക്കുന്നതാണ് അദ്ദേഹത്തിന്റെ ആരോപണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1977ലെ സ്ഥിതി എന്താണെന്ന് അന്വേഷിച്ച് നോക്കണം.
ആരായിരുന്നു അവിടെ ആർഎസ്എസിനെതിരെ നിലപാട് സ്വീകരിച്ചതെന്ന് അന്വേഷിക്കണം. അക്കാലത്താണല്ലോ ഇവരുടെ മുൻ പ്രസിഡന്റ് പിന്നീട് വെളിപ്പെടുത്തിയത്, താനാണ് ആർഎസ്എസ് ശാഖക്ക് സംരക്ഷണം നൽകിയതെന്ന്. ഇദ്ദേഹമൊക്കെ കൂടി പ്രസിഡന്റ് ആക്കിയ ആളായിരുന്നല്ലോ. അതായിരുന്നു കണ്ണൂരിന്റെ അവസ്ഥയെന്ന് കെ സുധാകരനെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു
ആർഎസ്എസിന്റെ ആക്രമണത്തിലെ ടാർഗറ്റുകളിലൊന്ന് താൻ ആയിരുന്നു. അതായിരുന്നു കാലം. ഇപ്പോൾ കുറച്ച് ദശാബ്ദം കഴിഞ്ഞതു കൊണ്ട് എന്ത് നുണയും അവതരിപ്പിക്കാം. ഇഎംഎസിനെ പട്ടാമ്പിയിൽ തോൽപ്പിക്കാൻ കോൺഗ്രസ് ആരുമായാണ് ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു
പാലക്കാട് എകെജി മത്സരിച്ചപ്പോഴും കോൺഗ്രസിനും ആർഎസ്എസിനും കൂടി ഒരു സ്ഥാനാർഥിയായിരുന്നു. ഇങ്ങനെ ഒരുപാട് നാണംകെട്ട കാര്യം ചെയ്തവരാണ്. ചില്ലറ വോട്ടിനും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് ഞങ്ങൾക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു