ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിന്റെ റോൾ എന്താണ്, ആരെയൊക്കെയാണ് ക്ഷണിക്കുന്നത്: ഹൈക്കോടതി
ആഗോള അയ്യപ്പ സംഗമത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. പരിപാടിയിൽ സർക്കാരിന്റെ റോൾ എന്താണെന്നും അയ്യപ്പന്റെ പേരിൽ പണം പിരിക്കാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. ദേവസ്വം ബെഞ്ചാണ് ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജികൾ പരിഗണിക്കുന്നത്. അയ്യപ്പനെ വിൽക്കാനാണ് സർക്കാരിന്റെ ശ്രമമെന്നാണ് ഹർജിക്കാരുടെ ആരോപണം
എന്നാൽ അയ്യപ്പന്റെ പേരിൽ പണപ്പിരിവ് നടത്തുന്നില്ലെന്ന് സർക്കാരും ദേവസ്വം ബോർഡും വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിന്റെ റോൾ എന്താണ്, ആരെയൊക്കെയാണ് ക്ഷണിക്കുന്നത്, ക്ഷണിതാക്കളുടെ കാര്യത്തിൽ മാനദണ്ഡമുണ്ടോ, പണപ്പിരിവ് നടക്കുന്നുണ്ടോ എന്നതെല്ലാമായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങൾ
പരിപാടിയുടെ പേരിൽ പണപ്പിരിവ് നടത്തുന്നില്ല. എന്നാൽ സ്‌പോൺസർഷിപ്പ് വാങ്ങുന്നുണ്ട്. ശബരിമലയുടെ മാസ്റ്റർ പ്ലാൻ നടത്തിപ്പിന് 1300 കോടി രൂപയോളം വേണ്ടി വരും. ഇതിനൊക്കെ സഹായിക്കാൻ സന്നദ്ധരായി ആരെങ്കിലും മുന്നോട്ടുവന്നാൽ അത് സ്വീകരിക്കേണ്ടേ എന്ന് സർക്കാരും ചോദിച്ചു.