അരിക്കൊമ്പന് വേണ്ടി വാട്‌സാപ്പ് ഗ്രൂപ്പും പണപ്പിരിവും; സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി
 

 

അരിക്കൊമ്പൻ കാട്ടാനയുടെ പേരിൽ വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണം പിരിച്ചെന്ന പരാതിയിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെ എത്തിക്കാനുള്ള നിയമ നടപടികൾക്കും അരി വാങ്ങാനെന്നും പറഞ്ഞാണ് പണപ്പിരിവ് നടന്നത്. പൊതുപ്രവർത്തകനും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമന ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. 

ചിന്നക്കനാലിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന് വേണ്ടിയാണ് വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണം പിരിച്ചത്. എറണാകുളം സ്വദേശികളാണാണ് ഗ്രൂപ്പിന്റെ അഡ്മിൻമാർ. എട്ട് ലക്ഷത്തോളം രൂപ ഇതിനോടകം പിരിച്ചെന്നാണ് പരാതി.