എല്ലാം പോറ്റിയെ ഏൽപ്പിക്കാനാണെങ്കിൽ ദേവസ്വം ബോർഡ് എന്തിനാണ്: വിമർശനവുമായി ഹൈക്കോടതി
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിനെതിരെ അതിരൂക്ഷ വിമർശുമായി ഹൈക്കോടതി. എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിനാണെന്നും, തിരുവിതാംകൂർ ദേവസ്വം ബോർഡിന് എന്താണ് പണിയെന്നും കോടതി ചോദിച്ചു. സ്വർണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി വിമർശനമുന്നയിച്ചത്.
ശബരിമല ശ്രീകോവിലിന്റെ വാതിൽ, കട്ടിളപ്പാളി, ദ്വാരപാലക ശിൽപം എന്നിവ അടക്കമുള്ളവ സ്വർണം പൂശുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റിയെയാണ് ഏൽപ്പിച്ചതെന്ന് വാദത്തിനിടെ പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അപ്പോഴാണ് എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാനാണെങ്കിൽ ദേവസ്വം ബോർഡിന് വേറെന്താണ് പണിയെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് തിരിച്ച് ചോദിച്ചത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് മുൻ എ പത്മകുമാർ, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ, ശബരിമല മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് എസ്‌ഐടി കോടതിയിൽ ആവശ്യപ്പെട്ടു.