വീണ്ടും കാട്ടാനക്കലി: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു
Apr 15, 2025, 10:09 IST
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. രണ്ട് പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താംപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച രണ്ട് പേരും. അതിരപ്പിള്ളി വഞ്ചിക്കടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ കുടിൽ കെട്ടി പാർക്കുകയായിരുന്നു ഇവർ അടങ്ങുന്ന കുടുംബം. ഇന്നലെയാണ് ഇവർക്ക് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം നടന്നത്. മൂന്ന് കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത് കാട്ടാനക്കൂട്ടം വന്നതോടെ ഇവർ ചിതറിയോടി. മുന്നിലകപ്പെട്ട സതീഷിനെയും അംബികയെയും കാട്ടാന ആക്രമിച്ചു. പുഴയിലാണ് അംബികയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.