ആയിരം രൂപയുടെ കറൻസി തിരികെ വരുമോ; 2000ന്റെ നിരോധനം ജനങ്ങളെ കാര്യമായി ബാധിക്കാനിടയില്ല
 

 

2000 രൂപ നോട്ട് റിസർവ് ബാങ്ക് നിരോധിച്ചതോടെ ആയിരം രൂപ കറൻസി തിരികെ വരാൻ സാധ്യതയേറിയെന്ന് സാമ്പത്തിക വിദഗ്ധർ. സെപ്റ്റംബർ 30 വരെയാണ് 2000 രൂപ നോട്ടിന്റെ ആയുസ്. ഇതിന് ശേഷം നിലവിലുള്ള കറൻസികളിൽ ഏറ്റവും വലിയ കറൻസി 500 രൂപയാകും. 

1960കളിൽ രാജ്യത്ത് പതിനായിരത്തിന്റെയും അയ്യായിരത്തിന്റെയും കറൻസിയുണ്ടായിരുന്നു. ഇതാണ് പിന്നീട് ആയിരവും 2000വുമൊക്കെ ആയത്. നിലവിൽ വലിയ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലായാണ് നടക്കുന്നത്. കറൻസി ഇടപാടുകളിൽ ചെറിയ കറൻസി നോട്ടുകളാണ് ജനങ്ങൾക്ക് ആവശ്യവും താത്പര്യവും. ഇത് തന്നെയാകും 2000 ന്റെ നോട്ട് നിരോധിക്കാനും കാരണമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. 

ഇന്നലെയാണ് 2000ന്റെ നോട്ട് നിരോധിക്കുന്നതായി അറിയിപ്പ് വന്നത്. മെയ് 23 മുതൽ 2000ന്റെ കെട്ടുകൾ തവണകളായി ബാങ്കുകളിൽ വെച്ച് മാറാവുന്നതാണ്. സെപ്റ്റംബർ 30 വരെയാണ് നോട്ട് മാറാനുള്ള സമയം. നേരത്തെ 2016ൽ നോട്ട് നിരോധനം വന്നതിന് ശേഷമാണ് 2000ന്റെ നോട്ട് പുറത്തിറക്കിയത്. 2017ന് ശേഷം രാജ്യത്ത് 2000ന്റെ നോട്ട് അച്ചടിച്ചിരുന്നില്ല. പിൻക്കാലത്ത് ഘട്ടംഘട്ടമായി നോട്ടുകൾ പിൻവലിച്ചു തുടങ്ങി. ഇതുകാരണം 2016ലെ പോലെ ബുദ്ധിമുട്ട് ജനം നേരിടേണ്ടി വരില്ലെന്നാണ് കരുതുന്നത്.