{"vars":{"id": "89527:4990"}}

സത്യത്തിനൊപ്പം, ശ്വേതയ്ക്കൊപ്പം; അമ്മയിൽ നിന്ന് രാജി പ്രഖ്യാപിച്ച് മല്ലിക സുകുമാരൻ

 

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ (AMMA) പൊട്ടിത്തെറി തുടരുന്നു. പ്രസിഡന്റ് ശ്വേതാ മേനോനും ഭരണസമിതിയും രാജിവെച്ചതിന് പിന്നാലെ, മുതിർന്ന നടി മല്ലിക സുകുമാരനും സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താൻ സംഘടനയിൽ നിന്നും പടിയിറങ്ങുന്ന കാര്യം താരം ഔദ്യോഗികമായി വ്യക്തമാക്കിയത്. "സത്യത്തിനൊപ്പം, ന്യായത്തിനൊപ്പം, ശ്വേതയ്ക്കൊപ്പം" എന്നാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് മല്ലിക സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്.

​ജനറൽ ബോഡി യോഗത്തിൽ ശ്വേതാ മേനോനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമം നടന്നതായും അതിൽ കൃത്യമായ പങ്കുണ്ടെന്നും മല്ലിക സുകുമാരൻ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് താൻ സ്നേഹപൂർവ്വം 'അമ്മ'യിൽ നിന്നും പടിയിറങ്ങുന്നതെന്ന് അവർ വ്യക്തമാക്കി. രാജിക്കത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും നിലവിൽ സംഘടനയുടെ ഉത്തരവാദിത്തപ്പെട്ടവർ ആരാണെന്ന് വ്യക്തത വന്നാലുടൻ അത് അയച്ചുനൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

​വർഷാന്ത കണക്കുകൾ അവതരിപ്പിച്ചതിലെ പിഴവുകളെച്ചൊല്ലി ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ തർക്കങ്ങളാണ് ശ്വേതാ മേനോന്റെയും ഭരണസമിതിയുടെയും കൂട്ടരാജിയിലേക്ക് നയിച്ചത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ ശ്വേത വേട്ടയാടപ്പെടുകയാണെന്നും യഥാർത്ഥത്തിൽ തെറ്റ് ചെയ്ത ജനറൽ സെക്രട്ടറിയും ട്രഷററുമാണ് രാജിവെക്കേണ്ടിയിരുന്നതെന്നും മല്ലിക സുകുമാരൻ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

​ഭരണസമിതി ഒഴിഞ്ഞതിനെ തുടർന്ന് രമേഷ് പിഷാരടി കൺവീനറായി താൽക്കാലിക അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച് സംഘടനയുടെ ഭരണം മുന്നോട്ട് കൊണ്ടുപോകാൻ ജനറൽ ബോഡി തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് മല്ലിക സുകുമാരന്റെ ഈ അപ്രതീക്ഷിത രാജി പ്രഖ്യാപനം. വരും ദിവസങ്ങളിൽ സംഘടനയ്ക്കുള്ളിലെ ഭിന്നതകൾ കൂടുതൽ രൂക്ഷമാകുമെന്നാണ് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.