മുളക് പൊടി എറിഞ്ഞു അങ്കണവാടി ടീച്ചറുടെ മാല കവർന്നു : യുവതി പിടിയിൽ
തൃശ്ശൂർ വൈന്തലയിൽ മുളകുപൊടി എറിഞ്ഞ് മാല കവർന്നു. അങ്കണവാടി ജീവനക്കാരിയുടെ മൂന്നു പവൻ മാലയാണ് കവർന്നത്. സംഭവത്തിൽ മൂന്നുപേർ പൊലീസിന്റെ കസ്റ്റഡിയിലായി. മാല കവർന്ന മൂന്നംഗ സംഘത്തിലെ യുവതിയെ അങ്കണവാടി ജീവനക്കാരിയായ മോളി ജോർജ് തിരിച്ചറിഞ്ഞിരുന്നു.
പാടത്തോട് ചേർന്ന റോഡിലൂടെ പോകുമ്പോൾ പരിചയക്കാരിയായ ഒരു യുവതിയും രണ്ടു യുവാക്കളും സംസാരിച്ചുനിൽക്കുന്നത് മോളി ജോർജ് കണ്ടിരുന്നു. തുടർന്ന് നടക്കുന്നതിനിടയിലാണ് അവരിൽ ഒരാൾ പിന്നിലൂടെ ബൈക്കിലെത്തി മുളകുപൊടിയെറിഞ്ഞശേഷം മാല പൊട്ടിച്ചത്.
മോളിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ മുഖത്ത് പാലൊഴിച്ചാണ് മുളകുപൊടി നീക്കിയത്. പിന്നീട് ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയശേഷം മാള പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി
മോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തോടെ കുറ്റം സമ്മതിച്ചു. വൈന്തല സ്വദേശി ആയ അഞ്ജനയും രണ്ട് ആൺ സുഹൃത്തുക്കളുമാണ് പിടിയിലായത്. ഒരു ആൺസുഹൃത്ത് പ്രായപൂർത്തിയായിട്ടില്ല. ലഹരി ഉപയോഗിക്കാനുള്ള പണത്തിനായാണ് മോഷണമെന്നാണ് പ്രാഥമിക നിഗമനം