പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചു
തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവിച്ച് മൂന്നാം ദിവസം യുവതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് വിദഗ്ധ സമിതി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് പുറത്തുള്ളവരാണ് സംഘത്തിലുള്ളത്.
മൂന്ന് വകുപ്പുകളുടെ മേധാവികൾ അന്വേഷണ സംഘത്തിൽ ഉണ്ടാകും. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് ഉടൻ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തോട് നിർദേശിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു തിരുവനന്തപുരം കരിക്കകം സ്വദേശി ശിവപ്രിയ മരിച്ചത്. ശിവപ്രിയയുടെ മരണത്തിന് പിന്നാലെ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു.
ശിവപ്രിയയുടെ മരണം ചികിത്സാപിഴവിനെ തുടർന്നെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സുപ്രീംകോടതിയുടെ മാർഗനിർദേശം പാലിച്ചുള്ള വിദഗ്ധസമിതിയെ അന്വേഷണം ഏൽപ്പിക്കണമെന്നും ശിവപ്രിയയുടെ മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു,