യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം; ഡോക്ടറുടെ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ യുവതിയുടെ നെഞ്ചിൽ ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ഡോക്ടറുടെ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം സമ്മതിച്ചത്. വിദഗ്ധ സമിതി അന്തിമ റിപ്പോർട്ട് നൽകിയാലുടൻ കുറ്റക്കാരനായ ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കും. യുവതിക്ക് തുടർ ചികിത്സ സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുമെന്നും മന്ത്രി പറഞ്ഞു
ചികിത്സാ പിഴവുകൾ സർക്കാർ ഗുരുതരമായാണ് കാണുന്നത്. സുമയ്യയുടെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആർസിസിയിലെ ചികിത്സയുടെ ഭാഗമായി മാർച്ചിൽ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് രക്തക്കുഴലുകൾ വഴി മരുന്ന് നൽകാൻ ഉപയോഗിക്കുന്ന സെൻട്രൽ ലൈനിന്റെ ഭാഗമായ ഗൈഡ് ലൈൻ സുമയ്യയുടെ ശരീരത്തിൽ കണ്ടത്
വിഷയം അന്വേഷിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഗൈഡ് വയർ നീക്കം ചെയ്യുന്നത് സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.