ഇന്‍സ്റ്റഗ്രാമിലെ ലോണ്‍ പരസ്യത്തിലൂടെ യുവതിയുടെ പണം തട്ടി; 22-കാരനെ ബിഹാറിൽ ചെന്ന് പൊക്കി കേരള പൊലീസ്
സൈബര്‍ തട്ടിപ്പ് കേസിലെ പ്രധാന കണ്ണിയെ കോഴിക്കോട് ചോമ്പാല പൊലീസ് പിടികൂടി. ബീഹാറിലെ ഔറംഗാബാദ് ജില്ലയിലെ മാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് 22കാരനായ അഭിമന്യു കുമാര്‍ പിടിയിലായത്. പ്രതിയെ കോഴിക്കോട് പോക്‌സോ കോടതി റിമാന്റ് ചെയ്തു.
ഇന്‍സ്റ്റഗ്രാമില്‍ കണ്ട ലോണ്‍ പരസ്യത്തില്‍ ക്ലിക്ക് ചെയ്ത വടകര അഴിയൂര്‍ സ്വദേശിയായ യുവതിയുടെ ഫോണ്‍ ഐ ഡി ആക്‌സസ് ചെയ്താണ് ഇയാൾ പണം തട്ടിയത്. കൂടുതല്‍ പണം ആവശ്യപ്പെട്ട് ബന്ധപ്പെടുകയും പണം അയച്ച് നല്‍കാത്തതില്‍ യുവതിയുടെയും 13 വയസ്സ് പ്രായമുള്ള മകളുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്‌ന ഫോട്ടോ നിര്‍മിച്ച് അയച്ച് നല്‍കി ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി നല്‍കിയ പരാതിയിലാണ് ചോമ്പാല പൊലീസ് പ്രതിയെ പിടികൂടിയത്.
ബാങ്ക് അക്കൗണ്ടുകളും മൊബെല്‍ നമ്പറും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ ഇ ബൈജുവിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ ജെഫിന്‍ രാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
നക്‌സല്‍ ഭീഷണിയുള്ള മേഖലയിൽ പ്രാദേശിക പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പൊലീസ് സാന്നിധ്യം മനസ്സിലാക്കി പ്രതി രക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ വാഹനം ഒഴിവാക്കി അര്‍ധരാത്രിയില്‍ ഇരുപതോളം സായുധ സേനക്കൊപ്പം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് പ്രതിയുടെ വീട് വളഞ്ഞാണ് സാഹസികമായി പിടികൂടിയത്.